cpm

ന്യൂഡൽഹി : ലോ‌ക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വൻ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തൽ നടപടികളുമായി സി.പി.എം. പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ കേൾക്കാനാണ് കേന്ദ്രകമ്മിറ്റി തീരുമാനം. ജനങ്ങൾക്കിടയിൽ പാർട്ടിയോടുള്ള വിരോധം ഇല്ലാതാക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

മതസാമുദായിക സംഘടനകൾ സി.പിഎമ്മിനെതിരെ പ്രവർത്തിക്കുന്നുവെന്ന് കേന്ദ്രകമ്മിറ്റിയിൽ വിലയിരുത്തൽ ഉണ്ടായി. എന്നാൽ അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിലെ വോട്ടിൽ ചോർച്ച ഉണ്ടായി. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ തിരികെ പിടിച്ചാൽ ജനങ്ങൾ തിരിച്ചുവരുമെന്നും കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിലേറ്റ തിരിച്ചടിക്ക് ഇടയാക്കിയ പിഴവുകൾ എവിടെ സംഭവിച്ചു,​ തിരുത്തേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ കേന്ദ്രകമ്മിറ്റി നേരിട്ട് വിലയിരുത്തി. ഭരണവിരുദ്ധ വികാരം ഉണ്ടായി എന്ന വാദം കെ.കെ. ശൈലജ ഉൾപ്പെടെയുള്ള നേതാക്കൾ കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിഷേധിച്ചിരുന്നില്ല. തിരുത്തൽ നടപടികൾക്ക് വേണ്ട മാർഗ നിർദ്ദേശം കേന്ദ്ര നേതൃത്വം തയ്യാറാക്കി നൽകും എന്നാണ് സൂചന.