idn

ലോക കിരീടം ഉയർത്തി ട്വന്റി-20 കരിയറിന്റെ അത്യുന്നതിയിൽ അന്താരാഷ്ട്ര ട്വന്റി-20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശ‌ർമ്മയും സൂപ്പർ താരം വിരാട് കൊഹ്‌ലിയും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും. ഇന്ത്യൻ പരിശീലകൻ എന്ന നിലയിൽ ഇതിഹാസ താരം രാഹുൽ ദ്രാവിഡിന്റെയും അവസാന മത്സരമായിരുന്നു ബാർബഡോസിലെ ട്വന്റി-20 ലോകകപ്പ് ഫൈനൽ.

വിരാട് ഇന്ത്യ ഫൈനൽ ജയിച്ച ഉടനേ വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ രോഹിത് സമ്മാനദാനത്തിനും ശേഷമാണ് ട്വന്റി-20യിൽ ഇന്ത്യൻ ജേഴ്സിയിൽ ഇനിയില്ലെന്ന് അറിയിച്ചത്. ഇന്നലെയായിരുന്നു രവീന്ദ്ര ജഡേജ അന്താരാഷ്ട്ര ട്വന്റി-20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. തുടർന്നും അന്താരാഷ്ട്ര തലത്തിൽ മറ്റ് ഫോർമാറ്റുകളിലും ഐ.പി.എല്ലിലും തുടരുമെന്ന് മൂവരും അറിയിച്ചിട്ടുണ്ട്.

സലാം നായകൻ
പതിമ്മൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് ലോക കിരീടം സമ്മാനിച്ചാണ് രോഹിത് ശർമ്മ അന്താരാഷ്ട്ര ട്വന്റി-20 അവസാനിപ്പിക്കുന്നു. ഈ ലോകകപ്പിൽ ആദ്യഘട്ടത്തിൽ യഥാർത്ഥ ഫോമിലേക്ക് ഉയരാനാകാതിരുന്ന രോഹിത് പക്ഷേ സൂപ്പർ 8ൽ ഓസ്ട്രേലിയക്കെതിരായ നിർണായക മത്സരത്തിൽ 41 പന്തിൽ നിന്ന് 92 റൺസുമായി ഫോമിലേക്ക് കുതിച്ചുയർന്നു. കിരീടം ഇന്ത്യയ്ക്ക് തന്നെയെന്ന് ആരാധകർ വിശ്വസിച്ചു തുടങ്ങിയത് ഈ ഇന്നിംഗ്സിലൂടെയായിരുന്നു. അന്താരാഷ്ട്ര ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് രോഹിത്.

2007ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുമ്പോഴും ഇന്ത്യൻ ടീമിൽ അംഗമായിരുന്നു രോഹിത്.

കരിയർ

159 മത്സരങ്ങളിൽ നിന്ന് 4231 റൺസ് നേടിയ രോഹത് 5 സെഞ്ച്വറിയും 32 അർദ്ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

ഒരേയൊരു രാജാവ്

കൊഹ്‌ലിയെ ഈ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയപ്പോഴും ഓപ്പണറാക്കിയപ്പോഴുമെല്ലാം വിമർശനവുമായി ഒരുപാട് പേരെത്തി. സെമിവരെ ബാറ്റിംഗിൽ മങ്ങിയപ്പോൾ വിമർശനം ഉച്ചസ്ഥായിയിലായി. എന്നാൽ ഫൈനലിൽ പ്രതിസന്ധിയിൽ ഇന്ത്യയുടെ രക്ഷകനായി ബിഗ് മാച്ച് പ്ലെയറാണ് വീണ്ടും തെളിയിച്ച് 141 കോടി ഇന്ത്യക്കാരുടെ സ്വപ്നം സഫലമാക്കാൻ നിർണായക പങ്കുവഹിച്ചു. അന്താരാഷ്ട്ര ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ്.

കരിയർ

125 മത്സരങ്ങളിൽ നിന്ന് 4188 റൺസ്.1 സെഞ്ച്വറിയും 38 അർദ്ധ സെഞ്ച്വറിയും.

സൂപ്പർ ഓൾറൗണ്ടർ

ഇന്നലെ ഇൻസ്റ്റഗ്രാമിലൂടെയാണ് രവീന്ദ്രജഡേജ വിരമിക്കൽ പ്രഖ്യാപിച്ചത്. മൂന്ന് ഫോർമാറ്റിലും ബാറ്റിംഗിലും ബാളിംഗിലും ഫീൽഡിംഗിലും ഇന്ത്യയുടെ വിശ്വസ്തനായിരുന്നു. ഈ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനായിരുന്നില്ല.35കാരനായ ജഡേജ 74 ട്വന്റി-20 കളിൽ നിന്ന് 54 വിക്കറ്റുകളും 515 റൺസും നേടിയിട്ടുണ്ട്..