smoking-

പുകവലി അർബുദത്തിന് കാരണമാകും ,​ പുകവലി ആരോഗ്യത്തിന് ഹാനികരം,.. എന്നിങ്ങനെ എത്ര മുന്നറിയിപ്പുകൾ നൽകിയാലും ഈ ദുശീലം നിറുത്താൻ പലരും മടികാണിക്കാറുണ്ട്. പുകവലിയും പുകയില ഉത്പന്നങ്ങളും കാരണമുണ്ടാകുന്ന കാൻസർ രോഗികളുടെ എണ്ണവും കൂടിവരുന്നതും ശ്രദ്ധേയമാണ്. പുകവലിക്കുന്നവരിൽ സാധാരണയായി ശ്വാസതടസം,​ ചുമ തുടങ്ങിയ പ്രശ്നങ്ങൾ കണ്ടുവരാറുണ്ടെങ്കിലും തൊണ്ടയിൽ രോമം വളരുന്ന അപൂർവ അവസ്ഥയെകുറിച്ച് കേട്ടിട്ടുണ്ടോ. ഓസ്ട്രിയൻ സ്വദേശിയായ 52കാരന്റെ അമിതമായ പുകവലി ശീലമാണ് തൊണ്ടയ്ക്കുള്ളിലെ രോമവളർച്ചയിലേക്ക് നയിച്ചത്.

അമേരിക്കൻ ജേണൽ ഓഫ് കേസ് റിപ്പോർട്ടിലാണ് കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചത്. അമിതമായ പുകവലി ശീലത്തിൽ നിന്ന് ഉണ്ടായേക്കാവുന്ന വിചിത്രവും അപകടകരവുമായ പ്രശ്നങ്ങൾക്ക് ഈ സംഭവം അടിവരയിടുന്നു.

2007ലാണ് ഇദ്ദേഹം ശ്വാസതടസവും വിട്ടുമാറാത്ത ചുമയും കാരണം ഡോക്ടർമാരെ സമീപിച്ചത്. തുടർന്ന് നടന്ന പരിശോധനയിലാണ് ഇയാളുടെ തൊണ്ടയിൽ വീക്കവും അമിതമായ രോമവളർച്ചയും കണ്ടെത്തിയത്. എൻഡോട്രാഷ്യൽ ഹെയർഗ്രോത്ത് എന്നിയപ്പെടുന്ന ഒരപൂർവ രോഗാവസ്ഥയാണിത്. ഏകദേശം രണ്ട് ഇഞ്ച് നീളമുള്ള ഒമ്പതോളം രോമങ്ങളാണ് ഇയാളുടെ തൊണ്ടയിൽ ഉണ്ടായിരുന്നത്. വായിലേക്കും രോമങ്ങൾ നീണ്ടിരുന്നു. 14 വർഷത്തോളം തുടർച്ചയായി ചികിത്സ തേടിയെങ്കിലും പ്രശ്നത്തിന് പരിഹാരമായിരുന്നില്ല. ഓരോ തവണയും രോമം നീക്കം ചെയ്യുമെങ്കിലും താടിയും മീശയും പോലെ വീണ്ടും രോമം വളരുന്നത് വെല്ലുവിളിയായി മാറി. ഒടുവിൽ അമിതമായ പുകവലിയാണ് രോമവളർച്ചയ്ക്ക് കാരണമെന്ന് ഡോക്ടർമാർ കണ്ടെത്തി.

അങ്ങനെ 2022ൽ ഇയാൾ പുകവലി പൂർണമായി ഉപേക്ഷിച്ചു. തുടർന്ന് എൻഡോ‌സ്കോപ്പിക് ആർഗോൺ പ്ലാസ്മ കോഗ്യുലേഷൻ എന്ന ചികിത്സാരീതി ഡോക്ടർമാർ ഇയാളിൽ പരീക്ഷിച്ചു. ഇതുവഴി തൊണ്ടയിൽ വളരുന്ന രോമങ്ങൾ വേരോടെ കരിച്ചു കളയാൻ കഴിഞ്ഞു. അടുത്ത വർഷം മറ്റൊരു ചികിത്സയ്ക്ക് കൂടി വിധേയനായതോടെ തൊണ്ടയിലെ രോമ വളർച്ച പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞു.