rubber

കോട്ടയം: റബറും കുരുമുളകും രാജ്യാന്തര മേഖലയിലെ പ്രതികൂല വാര്‍ത്തകള്‍ മറികടന്നും ആഭ്യന്തര വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുന്നു. ബാങ്കോക്കില്‍ റബര്‍ വില കിലോയ്ക്ക് 184ല്‍ നിന്ന് 181 രൂപയിലേക്ക് താഴ്ന്നപ്പോള്‍ ഇന്ത്യയില്‍ വിപണി 205 രൂപയിലെത്തി. രാജ്യാന്തര വിപണിയിലേക്കാള്‍ ആഭ്യന്തര വില കലോയ്ക്ക് 25 രൂപ കൂടി നില്‍ക്കുന്ന സാഹചര്യം പന്ത്രണ്ട് വര്‍ഷത്തിനുശേഷമാണുണ്ടാകുന്നത്.

മഴ മൂലം ഉത്പാദനം കുറഞ്ഞതും ഡിമാന്‍ഡ് കൂടിയതുമാണ് ആഭ്യന്തരവില ഉയര്‍ത്തുന്നത്. വില ഇടിക്കാന്‍ ടയര്‍ കമ്പനികള്‍ നോക്കിയിട്ടും സാധിച്ചില്ല.

ഉത്പാദന കുറവിനൊപ്പം കപ്പല്‍, കണ്ടെയ്‌നര്‍ ക്ഷാമവും വിലക്കയറ്റത്തിന് ശക്തി പകര്‍ന്നു, നികുതി കൂട്ടിയതിനാല്‍ ഇറക്കുമതി ലാഭകരമല്ലാതായതോടെ വന്‍കിട വ്യവസായികള്‍ ആഭ്യന്തര വിപണിയെ കൂടുതല്‍ ആശ്രയിക്കുന്നതിനാല്‍ വില ഇനിയും കൂടുമെന്ന പ്രതീക്ഷയാണുള്ളത്. മഴ ശക്തമായതോടെ ടാപ്പിംഗ് കുറഞ്ഞു. ചെലവ് കൂടിയതോടെപലരും റെയിന്‍ ഗാര്‍ഡ് ഘടിപ്പിക്കാത്തതിനാല്‍ ടാപ്പിംഗ് ഇനിയും നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഉയര്‍ന്ന വിലയുടെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭ്യമല്ല.

അന്താരാഷ്ട വില താഴുമ്പോഴും ആഭ്യന്തര വിപണിയില്‍ കുരുമുളക് വില ബ്രേക്കില്ലാതെ കുതിക്കുകയാണ്.കഴിഞ്ഞ ആഴ്ചത്തെ കിലോയ്ക്ക് ഒന്‍പത് രൂപയാണ് കൂടിയത്. ഒരു മാസത്തിനുള്ളില്‍ 113 രൂപ കൂടി. ചരക്കു വരവ് കുറവായതിനാല്‍ വിലവര്‍ദ്ധനയുടെ നേട്ടം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല.

വില കുതിപ്പിനു കാരണം

ശ്രീലങ്കയില്‍ നിന്ന് കുറഞ്ഞ വിലയുള്ള കുരുമുളക് ഇറക്കുമതി നടത്തി ഇവിടെ വില്‍ക്കുന്നവരുടെ എണ്ണം കൂടുകയാണ്. നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ഇതിനെതിരെ നടപടികള്‍ വൈകുകയാണ്.

കള്ളക്കടത്തും കലര്‍പ്പും കൂടും

അന്താരാഷ്ട്ര വിപണിയില്‍ കുരുമുളകിന്റെ വില ശ്രീലങ്ക 7200 ഡോളറായി കുറച്ചു. വിയറ്റ് നാം 200 ഡോളര്‍ വിലകുറച്ചു. ബ്രസീല്‍ 7400 ആയി കുറച്ചു. ഇതിനിടെ ഡിമാന്‍ഡ് ഏറെയുള്ള ഇന്ത്യന്‍ കുരുമുളക് വില 8800ല്‍ നിന്ന് 8825 ഡോളറിലേക്ക് ഉയര്‍ന്നു. ഉത്തരേന്ത്യയില്‍ ഇനി ഉത്സവ സീസണായതിനാല്‍ ഡിമാന്‍ഡ് കൂടും. വില കൂടാനുള്ള സാദ്ധ്യത ശക്തമായതിനാല്‍ കള്ളക്കടത്തും ഗുണ നിലവാരം കുറഞ്ഞ കുരുമുളക് കലര്‍ത്തിയുള്ള വില്‍പ്പനയും വര്‍ദ്ധിച്ചേക്കും.

റബര്‍, കുരുമുളക് വില വര്‍ദ്ധനയുടെ നേട്ടം സ്റ്റോക്ക് ചെയ്ത വന്‍കിടക്കാര്‍ക്കാണ് ലഭിക്കുന്നത്. ചരക്ക് കൈവശമില്ലാത്തതിനാല്‍ സാധാരണ കര്‍ഷകര്‍ക്ക് പ്രയോജനമില്ല.

തോമസ് ചാണ്ടി ( കര്‍ഷകന്‍ )