crime


ആലപ്പുഴ: ലഹരികടത്ത് കേസില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ പുന്നപ്ര സ്വദേശിനി ജുമി (24), വിദ്യാത്ഥിയായിരുന്നപ്പോള്‍ തന്നെ ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ്. കുട്ടിക്കാലത്ത് കൊലക്കേസില്‍ പ്രതിയായി പിതാവ് ജീവപര്യന്തം ജയിലായതോടെ മുത്തച്ഛന്റെയും അമ്മുമ്മയുടെയും സംരക്ഷണയിലാണ് ജുമി വളര്‍ന്നത്. 2016ല്‍ മയക്കുമരുന്ന് ഉപയോഗിച്ച് അക്രമം കാട്ടിയ ജുമിയെ പൊലീസ് സംരക്ഷിക്കുകയാണെന്നാരോപിച്ച് നാട്ടുകാര്‍ സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.

അയല്‍വാസിയായ സ്ത്രീയെ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ എത്തിയ ജുമിയുമായി പരിചയപ്പെട്ട എസ്.ഐയെ പിന്നീട് ചില യുവാക്കളുമായി ചേര്‍ന്ന് പോക്സോ കേസില്‍ കുടുക്കിയതായും പൊലീസ് പറഞ്ഞു. കോടതിയില്‍ ജുമിയോ കുടുംബമോ ഹാജരായില്ല. ഉദ്യോഗസ്ഥന്‍ വിരമിച്ചു. കേസ് കോടതിലാണ്. കരുനാഗപ്പള്ളി സ്വദേശിയുമായി അടുപ്പത്തിലായ ജുമി, പിന്നീട് ഭിന്നതയിലായി. ജുമിയുടെ ലഹരി ഇടപാടുകളെല്ലാം കൊച്ചി കേന്ദ്രീകരിച്ചായിരുന്നു.

എസ്.ഐയുമായുള്ള കേസിനെ തുടര്‍ന്ന് നാടുവിട്ട ജുമി, ഇടക്കിടെ അമ്മുമ്മയെ കാണാന്‍ പുന്നപ്രയിലെ വാടക വീട്ടില്‍ ആഡംബര വാഹനങ്ങളില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.എന്നാല്‍, ആറ് മാസം മുമ്പ് പുന്നപ്രയില്‍ നിന്ന് അമ്മുമ്മയെ മാറ്റിയതോടെ വീട്ടില്‍ ഇപ്പോള്‍ ആരുമില്ലെന്നാണ് പൊലീസ് പറയുന്നത്. പുന്നപ്രയില്‍ നിന്ന് പോയ ജുമി ലഹരി സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിക്കുകയായിരുന്നു.