പെരിന്തൽമണ്ണ: കുന്നപ്പള്ളി കളത്തിലക്കരയിൽ കിണർ ഇടിഞ്ഞ് മണ്ണിൽ കുടുങ്ങിയവരെ രക്ഷപെടുത്തി. പള്ളിയാൽത്തൊടി ഹംസയുടെ ഉടമസ്ഥതയിലുള്ള പഴയ കിണർ സൈഡ് കെട്ടി പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നതിനിടെയാണ് തൊഴിലാളികൾ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ടത്. അരയ്ക്ക് താഴെ മുഴുവനായും മണ്ണിടിഞ്ഞു വീണ് മൂടിയിട്ട് ഇളകാൻ കഴിയാത്ത നിലയിൽ ആയിരുന്ന ഇരുവരും. പൊലീസ്, പെരിന്തൽമണ്ണ ഫയർ ആന്റ് റെസ്‌ക്യൂ, ട്രോമാ കെയർ, സിവിൽ ഡിഫൻസ് എന്നിവർ ചേർന്ന് നടത്തിയ സംയുക്ത രക്ഷാപ്രവർത്തനത്തിൽ രണ്ടു പേരെയും പരിക്കുകളോടെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുളത്തൂർ കുരുവമ്പലം സ്വദേശി വട്ടത്തറ വീട്ടിൽ മധു (50),തമിഴ്നാട് തൃശ്ശനാപ്പള്ളി സ്വദേശി കുട്ടക്കര സ്ട്രീറ്റിൽ നെടുമാരൻ (45) എന്നിവരാണ് കിണറിൽ കുടുങ്ങിയത്. ആരുടേയും നില ഗുരുതരമല്ല.