പൊന്നാനി: മഴക്കാലം ശക്തമായതോടെ ഭീതിയിലാണ് പൊന്നാനിയിലെ തീരദേശം. വരും നാളുകളിൽ ശക്തമായ കടലാക്രമണ സാദ്ധ്യതയാണ് തീരത്തെ ജനങ്ങളുടെ നെഞ്ചിടിപ്പേറ്റുന്നത്. കാപ്പിരിക്കാട് മുതൽ പൊന്നാനി വരെ നീണ്ടു കിടക്കുന്ന പൊന്നാനി മണ്ഡലത്തിലെ തീരദേശത്ത് ആകെ 1100മീറ്റർ തീരത്ത് മാത്രമാണ് കടൽഭിത്തി നിർമ്മാണം നടന്നത്. കുറഞ്ഞ സ്ഥലങ്ങളിൽ കടൽഭിത്തി നിർമ്മിക്കുന്നത്‌ കാര്യമായ ഗുണം ഉണ്ടാകില്ലെന്നാണ് ആക്ഷേപം. 2021ൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഈയടുത്ത് നടപ്പിലാക്കിയ 10 കോടിയുടെ കടൽ ഭിത്തി നിർമ്മാണം. നിലവിൽ പൊന്നാനി നഗരസഭയിലും പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തിലുമായാണ് 1100 മീറ്റർ കടൽഭിത്തി നിർമ്മിച്ചത്. നഗരസഭ ഭാഗത്ത് അലിയാർ പള്ളി മുതൽ മരക്കടവു വരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറ ഭാഗത്ത് 234 മീറ്ററും പാലപ്പെട്ടി ഭാഗത്ത് 250 മീറ്ററുമാണ് നിലവിൽ കടൽഭിത്തി ഉള്ളത്.എന്നാൽ ഇതിൽ തന്നെ പലയിടത്തും ഇപ്പോഴും കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കാത്ത അവസ്ഥയാണ്. മുറിഞ്ഞഴി, പൊന്നാനി എം.ഇ എസ്. കോളേജിന്റെ പിറകിൽ ഉള്ള ഭാഗങ്ങളിലും മഴക്കാലത്ത് ശക്തമായ കടലാക്രമണമാണ് ഉണ്ടാകുക. വീടുകൾ തകർന്ന പലരും സർക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പിലോ ബന്ധു വീടുകളിലോ അഭയം പ്രാപിക്കുന്ന അവസ്ഥയുമാണ്. കടൽഭിത്തി നിർമ്മാണം കാര്യക്ഷമമല്ലാത്തതിനാൽ ചെല്ലാനം മോഡൽ ടെട്രോപാട് ഭിത്തി നിർമ്മാണം സംബന്ധിച്ചു കാര്യങ്ങൾ വിലയിരുത്താൻ ചെല്ലാനത്തെ ഉദ്യോഗസ്ഥർ ഇവിടെ എത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. ഈ മഴക്കാലത്തും ട്രോളിംഗ് നിരോധനത്തിനൊപ്പം കടലാക്രമണ ഭീതിയും താണ്ടി കഴിയേണ്ട അവസ്ഥയിലാണ് പൊന്നാനിയിലെ കടലോരവാസികൾ.