മലപ്പുറം: വേനലവധിയ്ക്ക് ശേഷം വിദ്യാർത്ഥികൾ ഇന്ന് തിരികെ സ്‌കൂളിലേക്കെത്തുമ്പോൾ പാട്ടും കളിചിരികളുമായി വരവേൽക്കാൻ ഒരുങ്ങി ജില്ല. ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം രാവിലെ 10ന് മലപ്പുറം ഗവ.ഗേൾസ് എച്ച്.എസ്.എസിൽ നടക്കും. ഭിന്നശേഷി വിദ്യാർത്ഥിനി നൂറ മറിയം കഥ പറഞ്ഞാണ് ഉദ്ഘാടനം ചെയ്യുക. മേൽമുറി ജി.എം.യു.പിസ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിനിയാണ് നൂറ.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മന്ത്രി വി.അബ്ദുറഹ്മാൻ ചടങ്ങിനെത്തില്ല. പൊതുപ്രവർത്തകരും പങ്കെടുക്കില്ല.
സ്‌കൂളിൽ ഒരുക്കിയിട്ടുള്ള വലിയ കാൻവാസിൽ ചിത്രം വരച്ച് വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ഉദ്ഘാടനത്തിൽ പങ്കാളികളാവും. മലപ്പുറം ഡി.ഡി.ഇ കെ.പി.രമേശ് കുമാർ, ആർ.ഡി.ഡി ഡോ.പി.എം.അനിൽ, വി.എച്ച്.എസ്.ഇ എ.ഡി പി.ടി.ലിസി, ഡയറ്റ് പ്രിൻസിപ്പൽ ഡോ.സലീമുദ്ധീൻ, കൈറ്റ് കോ ഓർഡിനേറ്റർ ടി.കെ.അബ്ദുൾ റഷീദ്, വിദ്യാകിരണം കോ ഓർഡിനേറ്റർ സുരേഷ് കോളശ്ശേരി എന്നിവരാണ് ക്യാൻവാസിൽ ചിത്രം വരയ്ക്കുക. എസ്.എസ്.കെയിലെ ചിത്രരചനാ അദ്ധ്യാപകർ ഇവയെല്ലാം മനോഹരമായ ചിത്രങ്ങളാക്കി മാറ്റും. കുട്ടികൾക്ക് വിദ്യാഭ്യാസ സന്ദേശവും നൽകും. സ്‌കൂളിലെ 60 കുട്ടിചിത്രകലാകാരൻമാരുടെ ചിത്രരചനയും കലാവിരുന്നും നടക്കും. മലപ്പുറം ജി.എൽ.പി സ്‌കൂളിൽ ഒന്നാംക്ലാസിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികളും ജില്ലാതല പ്രവേശനോത്സവത്തിനെത്തും.
ജില്ലയിലെ സ്‌കൂളുകളിലെല്ലാം പ്രവേശനോത്സവം വിപുലമായി സംഘടിപ്പിക്കും. മധുരവിതരണവും കലാപരിപാടികളും നടക്കും. ബലൂണുകളും തോരണങ്ങളും കൊണ്ട് സ്‌കൂളുകൾ അലങ്കരിച്ചിട്ടുണ്ട്. ചില സ്‌കൂളുകളിൽ പുതുതായി പ്രവേശിക്കുന്നവർക്ക് അദ്ധ്യാപകർ സമ്മാനങ്ങളൊരുക്കിയിട്ടുണ്ട്.
ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കുന്നുണ്ട്. ബ്ലോക്ക്തല പ്രവേശനോത്സവവും നടക്കും.
കെ.പി.രമേശ് കുമാർ, ഡി.ഡി.ഇ
മിഴിതുറക്കാൻ 'ജാലകം'
ബഡ്സ് സ്‌കൂളുകളിലും ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകളിലും ഇന്ന് പ്രവേശനോത്സവം നടക്കും. 'ജാലകം' എന്ന പേരിൽ നടക്കുന്ന പരിപാടികൾ മൂന്ന് ദിവസം നീണ്ടുനിൽക്കും. ജില്ലയിൽ 65 സ്ഥാപനങ്ങളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്.
സ്‌കൂളുകൾ അലങ്കരിച്ച് മധുരവും കലാവിരുന്നും ഒരുക്കി കുരുന്നുകളെ സ്വീകരിക്കും. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനാൽ നാലിന് പരിപാടികളുണ്ടാവില്ല. അഞ്ചിന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുള്ള തൈ നടലും സ്‌കൂളിലെത്താൻ കഴിയാത്ത കിടപ്പിലായ കുട്ടികളുടെ വീട് സന്ദർശനവും നടത്തും. ആറിന് രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സംഗമവും കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും പുതിയ വർഷത്തെ ആക്‌ഷൻ പ്ലാനും അതരിപ്പിക്കും. വിവിധ ഏജൻസികളുടെ സഹായത്തോടെയുള്ള അവബോധ ക്ലാസും നടക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബഡ്സ് സ്ഥാപനങ്ങളുള്ളത് മലപ്പുറം ജില്ലയിലാണ്.