
പൊന്നാനി : കനത്ത മഴയും കാലാവസ്ഥ വ്യതിയാനം മൂലമുള്ള മുന്നറിയിപ്പുകളും തൊഴിലാളി ക്ഷാമവും കാരണം ട്രോളിംഗ് നിരോധനത്തിന് മുൻപ് തന്നെ കടലിലിറങ്ങാനാവാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ. ജൂൺ പത്തിന് ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ പൂർണ്ണമായും തീരം നിശബ്ദതയിലാകും. തിരഞ്ഞെടുപ്പ് കാരണം പലരും നേരത്തെ തന്നെ തീരം വിട്ടുപോയിരുന്നു. അതിനാൽ കഴിഞ്ഞ രണ്ട് മാസമായി ബോട്ടുകൾ കടലിൽ പോകുന്നത് താരതമ്യേന കുറവാണ്. കടുത്ത ദാരിദ്ര്യമാണ് ഇത്തവണ തീരദേശത്തെ കാത്തിരിക്കുന്നത്.
മേയ് പകുതി മുതൽ പലപ്പോഴായി വന്ന മഴ മുന്നറിയിപ്പുകൾ കാരണം പലപ്പോഴും കടലിൽ പോകാൻ മത്സ്യത്തൊഴിലാളികൾക്ക് സാധിച്ചിട്ടില്ല. ഇത്തവണ ജൂൺ പത്തു മുതൽ ജൂലായ് 31വരെയാണ് 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം. ഇക്കാലയളവിൽ ചെറുവള്ളങ്ങളേ മത്സ്യബന്ധനം നടത്തൂ. കടുത്ത പ്രതികൂല സാഹചര്യങ്ങൾക്കി
ടയിൽ വേണം അവർക്ക് കടലിൽ പോകാൻ. പലരും ലക്ഷങ്ങൾ കടമെടുത്താണ് ബോട്ടുകൾ വാങ്ങുന്നത്. വർദ്ധിച്ച ഡീസൽ വിലയും തൊഴിൽദിനങ്ങളുടെ കുറവും പുതുതലമുറയുടെ ഈ മേഖലയിലേക്കുള്ള താത്പര്യക്കുറവുമെല്ലാം ഈ മേഖലയെ കടുത്ത ദുരിതത്തിലാക്കുന്നു. ട്രോളിംഗ് നിരോധന സമയത്ത് പലരും ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികളും മറ്റുമായി കഴിഞ്ഞു കൂടും. ഇക്കാലയളവിൽ കടുത്ത ദാരിദ്ര്യമാകും മത്സ്യത്തൊഴിലാളികൾ നേരിടുക.
സാമ്പത്തിക ബുദ്ധിമുട്ടിൽ
നിലവിൽ പൊന്നാനി ഹാർബറിൽ ഏകദേശം ഇരുന്നൂറിൽ താഴെ ബോട്ടുകളേ ഉള്ളൂ. മുൻപ് ഇതിന്റെ ഇരട്ടി ബോട്ടുകൾ ഉണ്ടായിരുന്നു. പലരും സാമ്പത്തികപ്രയാസം കാരണം ബോട്ടുകൾ വിറ്റൊഴിവാക്കുയാണ്. മൂന്നു ദിവസം മുതൽ ഒരാഴ്ച വരെ കടലിൽ കിടക്കുന്ന പല ബോട്ടുകളും 50,000രൂപയിലധികം ചെലവിൽ ഡീസലടിച്ചാണ് മത്സ്യബന്ധനത്തിന് പോകുന്നത്. എന്നിട്ടും തൊഴിലാളികളുടെ കൂലി പോലും ലഭിക്കാത്ത അവസ്ഥയുണ്ട്.
തൊഴിലില്ലാത്ത സമയങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം വേണം. ഇപ്രാവശ്യം ട്രോളിംഗ് നിരോധനത്തിന് മുമ്പ് തന്നെ മത്സ്യബന്ധനമേഖല അവശനിലയിലായിരുന്നു.
പറമ്പിൽ അത്തീഖ്
മത്സ്യത്തൊഴിലാളി