
കാളികാവ്: ഭിന്നശേഷിക്കാരെ ചേർത്തു പിടിച്ച് കാളികാവ് പഞ്ചായത്ത് ബഡ്സ് സ്‌കൂളിൽ പ്രവേശനോത്സവം സ്നേഹാർദ്രമായി. ശരീരം പാടെ തളർന്നവരും നിവർന്നു നിൽക്കാൻ കഴിയാത്തവരും കാഴ്ചയും കേൾവിയും സംസാര ശേഷിയുയില്ലാത്തവരായ അമ്പതോളം പേരാണ് ഇവിടെ പഠനം നടത്തുന്നത്. തണ്ടുകോട്ടിൽ പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ രണ്ടുനാൾ മുമ്പുതന്നെ ഒരുക്കം നടത്തിയിരുന്നു.
കഴിഞ്ഞ പത്തു വർഷത്തോളമായി വിവിധ സംഘടനകളുടെ സഹായത്തോടെ പ്രവർത്തിച്ചിരുന്ന സ്ഥാപനം കഴിഞ്ഞ രണ്ടു വർഷമായി ഗ്രാമ പഞ്ചായത്ത് നേരിട്ടാണ് നടത്തുന്നത്. ഈ വർഷത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായി എല്ലാ കുട്ടികൾകൾക്കും സമ്മാനങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. പതിനഞ്ചു മുതൽ നാൽപ്പത് വയസ്സുള്ളവർ സ്‌കൂളിലുണ്ട്. രണ്ടു അദ്ധ്യാപികമാരും ഒരു ഹെൽപ്പറും മുഴുവൻ സമയവും കുട്ടികളുടെ പരിരക്ഷക്കായുണ്ട്. കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിനായി വാഹന സൗകര്യവും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.
പി.ടി.എ പ്രസിഡന്റ് എൻ.മമ്മുണ്ണി,അദ്ധ്യാപികമാരായ ജംഷീല, ഷഫീദ,പി.കെ മാനുപ്പ,പി.ശിഹാബുദ്ധീൻ,എം ഉമറലി തുടങ്ങിയവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി.