മലപ്പുറം: വളരെ വികാരാധീനനാക്കുന്ന വിജയവും ഭൂരിപക്ഷവുമാണ് പൊന്നാനിയിലെ ജനങ്ങൾ നൽകിയതെന്ന് പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എം.പി.അബ്ദുസമദ് സമദാനി. നാട്ടുകാർ നൽകിയ സ്‌നേഹമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ കാണുന്നത്. ആദ്യമായാണ് പൊന്നാനിയിൽ നിന്നൊരു പൊന്നാനി പ്രദേശവാസി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തങ്ങളുടെ നേതൃത്വത്തിൽ കുഞ്ഞാലിക്കുട്ടി മികച്ച തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് നടത്തിയത്. ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിറവേറ്റും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട വിഷയം അധികാര മാറ്റമായിരുന്നു. ഇത് യു.പി അടക്കം പ്രകടമാക്കിയതാണ്. ആ ജനാഭിലാഷത്തിന്റെ കൂടെ നിൽക്കാതെയുള്ള പ്രശ്നങ്ങളാണ് പൊന്നാനിയിൽ കൊണ്ടുവരാൻ ശ്രമിച്ചത്. അതിനെ ജനങ്ങൾ മനോഹരമായി തിരസ്‌ക്കരിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.