മലപ്പുറം: ജില്ലയിലെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി പ്രവേശനം നേടിയത് 36,393 വിദ്യാർത്ഥികൾ. 82,446 അപേക്ഷകരിൽ 46,053 പേർക്ക് ആദ്യ ലിസ്റ്റിൽ ഇടമില്ല. ജില്ലയിലെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലായി ആകെയുള്ളത് 49,670 സീറ്റുകളാണ്. ആദ്യ അലോട്ട്മെന്റിന് ശേഷം 13,814 സീറ്റുകളാണ് സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഈ സീറ്റുകളിൽ തുടർ അലോട്ട്‌മെന്റുകളിലായി പ്രവേശനം നടത്തും.
എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത 7,227 സീറ്റുകളിൽ 4,496 പേർ പ്രവേശനം നേടി. 2,731 സീറ്റുകൾ ഒഴിവുണ്ട്. എസ്.ടി വിഭാഗത്തിൽ 4,727 സീറ്റുകളിൽ 219 പേരെ പ്രവേശനം നേടിയുള്ളൂ. 4,508 സീറ്റുകൾ ഒഴിവുണ്ട്. സ്‌പോർട്സ് ക്വോട്ടയിൽ 1,908 അപേക്ഷകരിൽ 1,179 പേർ പ്രവേശനം നേടി. 61 സീറ്റുകൾ ബാക്കിയാണ്. ജില്ലാതലത്തിൽ 85 സർക്കാർ സ്‌കൂളുകളും 22 എയ്ഡഡ് സ്‌കൂളുകളുമാണുള്ളത്. സർക്കാർ, എയ്ഡഡ് ബാച്ചുകളുടെ എണ്ണം യഥാക്രമം 452, 387 എന്നിങ്ങനെയാണ്.
പ്രവേശനം ഉറപ്പാക്കണം
അലോട്ട്‌മെന്റ് പ്രകാരം യോഗ്യത നേടിയവർ അതത് സ്‌കൂളുകളിൽ രക്ഷിതാവിനൊപ്പമെത്തി ഏഴിന് വൈകിട്ട് അഞ്ച് വരെ പ്രവേശനം നേടാം.
ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് സ്ഥിര പ്രവേശനം ലഭിക്കും. ഇവർക്ക് താത്‌കാലിക പ്രവേശനം അനുവദിക്കില്ല. ഒന്നാം ഓപ്ഷനിലല്ല പ്രവേശനം ലഭിച്ചതെങ്കിൽ താത്കാലിക പ്രവേശനം നേടാം.
അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.
ഇതുവരെ അപേക്ഷിക്കാത്തവർക്ക് മൂന്നാമത്തെ അലോട്ട്‌മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ അപേക്ഷിക്കാം.
തെറ്റായ വിവരങ്ങൾ നൽകിയതിനാലോ ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലോ അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാതെ പോയ അപേക്ഷകർക്കുംസപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം.
ആകെ അപേക്ഷകർ - 82,446
ആകെ സീറ്റുകൾ - 49,670
പ്രവേശനം നേടിയവർ - 36,393
ബാക്കിയുള്ള സീറ്റുകൾ - 13,814