മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പുതുതായി വർദ്ധിച്ച വോട്ടിൽ ആനുപാതികമായ പങ്ക് ലഭിച്ചില്ലെന്നത് ഗൗരവത്തോടെ വിലയിരുത്താൻ സി.പി.എം. മലപ്പുറം ലോക്‌‌സഭാ മണ്ഡലത്തിൽ 52,​000 പുതുവോട്ടുകൾ വർദ്ധിച്ചപ്പോൾ 10,​000 വോട്ട് മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്. യു.ഡി.എഫിന് 42,​000 വോട്ടും എൻ.ഡി.എയ്ക്ക് 2,​000 വോട്ടും ലഭിച്ചെന്നാണ് സി.പി.എം ജില്ലാ കമ്മിറ്റിയുടെ കണക്ക്. പൊന്നാനിയിൽ 10,​000ത്തോളം പുതിയ വോട്ടർമാർ ഉണ്ടായപ്പോൾ യു.ഡി.എഫിനും ബി.ജെ.പിയ്ക്കും വോട്ട് വിഹിതത്തിൽ വർദ്ധനവുണ്ടായി. സി.പി.എമ്മിന് പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല. പൊന്നാനിയിൽ 2019നേക്കാൾ 14,​195 വോട്ട് ബി.ജെ.പിക്ക് കൂടിയതും ഗൗരവത്തോടെ പരിശോധിക്കാൻ പ്രാദേശിക നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തവണ 1,​23,​733 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. 2019ൽ 1,​10,​603 വോട്ടായിരുന്നു. മന്ത്രി എം.ബി. രാജേഷിന്റെ മണ്ഡലമായ തൃത്താലയിൽ ലഭിച്ച 26,​162 വോട്ടാണ് ഉയർന്നത്. ബി.ജെ.പി സ്ഥാനാർത്ഥി നിവേദിതാ സുബ്രഹ്മണ്യന് കുടുംബവേരുള്ള മണ്ഡലം കൂടിയാണിത്. തവനൂരിൽ 24,​204ഉം പൊന്നാനിയിൽ 20,​115 ഉം വോട്ട് ലഭിച്ചിട്ടുണ്ട്. തിരൂരങ്ങാടി-11,393, താനൂർ -14,861, തിരൂർ -12,592, കോട്ടക്കൽ - 14.404 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വോട്ട് നില.

തിരിച്ചടിയല്ലെന്ന് സി.പി.എം
യു.ഡി.എഫിനായി എസ്.ഡി.പി.ഐയും വെൽഫയർ പാർട്ടിയും ഘടകകക്ഷികളെ പോലെ പ്രവർത്തിച്ചതാണ് ഭൂരിപക്ഷത്തിലും വോട്ട് വർദ്ധനവിലും പ്രതിഫലിച്ചതെന്നാണ് സി.പി.എമ്മിന്റെ അവകാശവാദം. ലീഗിന്റെയോ യു.ഡി.എഫിന്റെയോ അടിത്തറ വിപുലീകരിക്കപ്പെട്ടിട്ടില്ല. മലപ്പുറത്തെ അപേക്ഷിച്ച് പൊന്നാനിയിൽ കാര്യമായ തിരിച്ചടി ഉണ്ടായിട്ടില്ലെന്നും സി.പി.എം വിലയിരുത്തുന്നു. 2019നെ അപേക്ഷിച്ച് പൊന്നാനിയിൽ എൽ.ഡി.എഫിന് 2,​470 വോട്ടേ കുറഞ്ഞിട്ടുള്ളൂ. യു.ഡി.എഫിന് 40,​692 വോട്ട് വർദ്ധിച്ചിട്ടുണ്ടെങ്കിലും എസ്.ഡി.പി.ഐ,​ വെൽഫെയർ പാർട്ടികളുടെ പിന്തുണയിലാണിത്. 2029ൽ എസ്.ഡി.പി.ഐ 18,​124 വോട്ട് നേടിയിരുന്നു. ഇരുകൂട്ടർക്കുമായി പൊന്നാനിയിൽ അരലക്ഷത്തോളം വോട്ടുണ്ട്. യു.ഡി.എഫിന്റെ 2019ലെ 1.93 ലക്ഷം ഭൂരിപക്ഷം 2.35 ലക്ഷമായി ഉയർന്നതിന് പിന്നിലെ കാരണമിതാണെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു.

ബൂത്ത് തല യോഗം ഇന്ന്

ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ എല്ലാക്കാലത്തും യു.ഡി.എഫിന് മികച്ച വിജയം ഉണ്ടാവാറുണ്ട്. അതിന്റെ ആവർത്തനമേ ഇക്കുറി ഉണ്ടായിട്ടുള്ളൂ. മാദ്ധ്യമങ്ങളും മറ്റും പറയുന്നത്പോലെ എൽ.ഡി.എഫിന് കനത്ത തിരിച്ചടിയെന്നത് വസ്തുതാപരമല്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇടതിന് മുൻതൂക്കമുള്ള നാല് അസംബ്ലി മണ്ഡലങ്ങളിലും യു.ഡി.എഫിന് കൂടുതൽ വോട്ട് ലഭിച്ചിട്ടുണ്ട്. എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുണ്ട്. രാഷ്ട്രീയമായോ സംഘടനാപരമായ പോരായ്മകളോ പിശകുകളോ ഉണ്ടെങ്കിൽ പാർട്ടി തിരുത്തും.

ഇ.എൻ.മോഹൻദാസ്,​ സി.പി.എം ജില്ലാ സെക്രട്ടറി