മലപ്പുറം: തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഫലവും വന്നു, എന്നിട്ടും സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായി സേവനമനുഷ്ഠിച്ചവർക്ക് അനുവദിക്കേണ്ട 5.87 ലക്ഷം രൂപയിൽ അനുവദിച്ചത് 75,400 രൂപ മാത്രം. 197 പേർക്കുള്ള 5,12,200 രൂപയാണ് ഇനി അനുവദിക്കാനുള്ളത്. എൻ.എസ്.എസ്, എസ്.പി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, എൻ.സി.സി, വിമുക്ത ഭടൻമാർ എന്നീ വിഭാഗങ്ങളിലുള്ളവരെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായി നിയോഗിച്ചിരുന്നത്. ഇതിൽ 29 വിമുക്ത ഭടന്മാർക്കുള്ള 75,400 രൂപയാണ് ശനിയാഴ്ചയും ഇന്നലെയുമായി അവരവരുടെ അക്കൗണ്ടുകളിലെത്തിയത്. രണ്ട് ദിവസത്തെ ഡ്യൂട്ടിക്കായി 2,600 രൂപയാണ് നിശ്ചയിച്ചിരുന്നത്. മറ്റുള്ളവർക്ക് ഭക്ഷണ അലവൻസായി അനുവദിച്ച 250 രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്.
പോളിംംഗ് സ്‌റ്റേഷനുകളിൽ തിരക്ക് നിയന്ത്രിക്കുകയും ക്യൂ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയുമായിരുന്നു ഇവരുടെ ചുമതല.തിരഞ്ഞെടുപ്പ് ഡ്യൂട്ടി അവസാനിക്കുന്ന ദിവസമോ അതിന് തൊട്ടടുത്ത ദിവസമോ ആണ് എല്ലാ വർഷവും സ്‌പെഷ്യൽ പൊലീസ് ഓഫീസർമാർക്കും തുക ലഭിക്കാറുള്ളത്. തിരഞ്ഞെടുപ്പ് ചുമതല നിർവഹിച്ച മറ്റ് ഉദ്യോഗസ്ഥർക്കെല്ലാം വോട്ടെടുപ്പിന്റെ തലേദിവസം തന്നെ മുഴുവൻ തുകയും ലഭിച്ചിരുന്നു.
ഒരു പോളിംഗ് ബൂത്തിൽ രണ്ട് പേർ എന്ന നിലയിൽ 226 പേരാണ് ജില്ലയിലെ 113 പോളിംഗ് ബൂത്തുകളിലായി സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായി ജോലി ചെയ്തത്.പ്രതിഫലം ലഭിക്കാതായതോടെ പൊലീസ് സ്റ്റേഷനിൽ പലരും ബന്ധപ്പെട്ടപ്പോഴും കൃത്യമായ മറുപടി ലഭിച്ചില്ലെന്നാണ് ആക്ഷേപം. തിരഞ്ഞെടുപ്പ് കമ്മിഷനാണ് തുക അനുവദിച്ചു നൽകേണ്ടത്. പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് വഴി ജില്ലാ പൊലീസ് മേധാവിക്ക് തുക അനുവദിക്കും. ശേഷം അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് തുക അനുവദിച്ച് ഇവിടെ നിന്നാണ് വിതരണം ചെയ്യുക.

അടുത്ത തിരഞ്ഞെടുപ്പിന് ഞങ്ങളെപ്പോലുള്ള സാധാരണക്കാർ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായി സേവനമനുഷ്ഠിക്കാൻ സന്നദ്ധരാകില്ല. കൂലിപ്പണി ചെയ്ത് അന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്ന വ്യക്തിയാണ് ഞാൻ. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പ്രതിഫലം ലഭിക്കാത്തത് വളരെ വിഷമമുണ്ടാക്കി. വീടുകളിലെ പ്രധാന പരിപാടികളും മാറ്റിവെച്ചാണ് പലരും ഡ്യൂട്ടിക്കെത്തിയിരുന്നത്.


സന്നദ്ധപ്രവർത്തകർ

അനുവദിക്കേണ്ട തുക - 5,87,600

അനുവദിച്ചത് - 75,400

തുക ലഭിച്ചവരുടെ എണ്ണം - 29

തുക ലഭിക്കാനുള്ളവർ- 197