മലപ്പുറം: മലപ്പുറത്ത് സെവൻസ് ഫുട്‌ബോൾ കളിക്കാനെത്തിയ വിദേശ താരത്തെ പണം നൽകാതെ വഞ്ചിച്ചതായി പരാതി. മലപ്പുറത്തെ യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്ത് എന്ന ടീമിനായി സെവൻസ് കളിക്കാൻ എത്തിയ ഐവറികോസ്റ്റ് ഫുട്‌ബോളർ കാങ്ക കൗസി ക്ലൗഡ് എന്ന 24 കാരനാണ് പരാതിയുമായി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് മുന്നിലെത്തിയത്. ആറ് മാസമായി ശമ്പളമോ മറ്റു താമസ ഭക്ഷണ സൗകര്യങ്ങളോ നൽകിയില്ലെന്നും നാട്ടിലേക്കു തിരിച്ചുപോകാൻ നിയമസഹായം നൽകണമെന്നും അഭ്യർത്ഥിച്ചാണ് ഇയാൾ മലപ്പുറം എസ്.പിയെ നേരിട്ട് കണ്ടത്. വിശന്നുവന്ന താരത്തിന് മലപ്പുറം എസ്.പിയുടെ നിർദ്ദേശ പ്രകാരം പൊലീസുകാർ ഭക്ഷണം വാങ്ങി നൽകി.
തുടർന്നു താരത്തിന്റെ നിസ്സാഹയാവസ്ഥ മനസ്സിലാക്കിയ എസ്.പി കരാർ ഉണ്ടാക്കിയ യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തിന്റെ ഭാരവാഹി കെ.പി.നൗഫലിനെ ഓഫീസിലേക്കു നേരിട്ടു വിളിപ്പിച്ചു. എന്നാൽ സാധാരണ ഗതിയിൽ സെവൻസ് ഫുട്‌ബോളിന് കൊണ്ടുവരുന്ന വിദേശ താരങ്ങൾക്ക് യാത്രാ ടിക്കറ്റുകളും ഭക്ഷണ അലവൻസും താമസ സൗകര്യവും ഉൾപ്പെടെയുള്ളവ തങ്ങൾ നൽകാറുണ്ടെന്നും, ഇയാളുടെ കൈയിലുള്ള കരാർ തങ്ങളുടെ പേരിൽ മറ്റാരോ ഉണ്ടാക്കിയ വ്യാജ കരാറാണെന്നുമാണ് നൗഫൽ പറഞ്ഞത്. ഇതോടെ സംഭവത്തെ കുറിച്ചു വിശദമായി അന്വേഷണം നടത്തി റിപ്പോർട്ടു നൽകാൻ എസ്.പി മഞ്ചേരി സി.ഐക്ക് നിർദ്ദേശം നൽകി. നിലവിൽ ഫുട്‌ബോളർ കാങ്ക കൗസി ക്ലൗഡിനു വേണ്ട ആവശ്യമായ സൗകര്യങ്ങളെല്ലാം പൊലീസിന്റെ നേതൃത്വത്തിൽ തന്നെ ചെയ്തുവരുന്നുണ്ടെന്നും ഇയാൾ ആവശ്യപ്പെട്ട പ്രകാരം തിരിച്ചുപോകാനുള്ള സഹായവും പൊലീസ് ഇടപെട്ടു ചെയ്തു നൽകുമെന്നും ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ പറഞ്ഞു.
2023 ഡിസംബർ മുതൽ ജൂലായ് 2024 വരെയുള്ള വിസയിൽ നിശ്ചിത തുക നൽകാം എന്ന കരാറിലാണ് താൻ കേരളത്തിൽ സെവൻസ് കളിക്കാൻ എത്തിയതെന്നും എന്നാൽ സീസണിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് തന്നെ കളിപ്പിച്ചതെന്നും ഇതുവരെ ഒരുരൂപ പോലും തന്നില്ലെന്നുമാണു താരത്തിന്റെ പരാതി. വാഗ്ദാനം ചെയ്ത 5,000 നൽകിയില്ല എന്നതിനു പുറമേ, ഭക്ഷണത്തിനുള്ള തുക പോലും നൽകിയില്ലെന്നും കാങ്കയുടെ പരാതിയിൽ പറയുന്നു.