
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് പ്ലസ് വൺ സീറ്റ് ലഭിക്കാത്തതിലുള്ള മനോവിഷമത്തിലെന്ന് ബന്ധുക്കൾ. മുഹമ്മദ് ബഷീർ-റാബിയ ദമ്പതികളുടെ മകൾ ഹാദി റുഷ്ദയാണ്(15) ചൊവ്വാഴ്ച വൈകിട്ട് 5ന് ആത്മഹത്യ ചെയ്തത്. കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിയ നിലയിലായിരുന്നു. പ്ലസ് വൺ പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്‌മെന്റിലും സീറ്റ് ലഭിക്കാത്തതിലും സഹപാഠികളിൽ പലർക്കും പ്രവേശനം ലഭിച്ചതിലും വിദ്യാർത്ഥിനി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് അഞ്ച് എ പ്ലസോടെയാണ് 10ാം ക്ലാസ് വിജയിച്ചത്.
അതേസമയം, ആത്മഹത്യയുടെ കാരണം പ്ലസ് വൺ സീറ്റ് ലഭിക്കാത്തതാണെന്ന് പൂർണമായി പറയാനാവില്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും വിദ്യാർത്ഥിനി ഒരുവർഷമായി മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നുവെന്നും പരപ്പനങ്ങാടി എസ്.എച്ച്.ഒ ഹരീഷ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു. സഹോദരങ്ങൾ: യുംന നുഹ,ബുസ്താന.