
മലപ്പുറം: ''റായ്‌ബറേലിയോ വയനാടോ. എതു സീറ്റ് ഒഴിയണമെന്ന കാര്യത്തിൽ ഞാൻ ധർമ്മസങ്കടത്തിലാണ്. വയനാട്ടിലെ ജനങ്ങളാണ് എന്റെ ദൈവം. എന്തു തീരുമാനമെടുക്കണമെന്ന് വയനാട്ടിലെ ജനങ്ങളോട് ചോദിക്കുന്നു.'' രാഹുൽ ഗാന്ധി വാക്കുകൾ പൂർത്തിയാക്കും മുമ്പേ സദസ്സിൽ നിന്ന് വയനാട് നിലനിറുത്തണമെന്ന് ഉച്ചത്തിൽ വിളിച്ചു പറയുകയായിരുന്നു പ്രവർത്തകർ. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാർക്കു നന്ദി പറയാനായി എടവണ്ണയിൽ എത്തിയതായിരുന്നു രാഹുൽ. പ്രവർത്തകരുടെ മനസ്സറിഞ്ഞതോടെ വിട വാങ്ങൽ പ്രഖ്യാപനം ഉടൻ നടത്താതെ തീരുമാനം പിന്നീടെന്ന സന്ദേശമേകി രാഹുൽഗാന്ധി. വീണ്ടും വയനാട്ടിലേക്ക് വരുമെന്ന് കൂടി പറയാനും രാഹുൽ മറന്നില്ല. ഏതു മണ്ഡലം നിലനിറുത്തുമെന്ന് ഇന്നലെ മണ്ഡല സന്ദർശനത്തിന് എത്തിയ രാഹുൽഗാന്ധി വ്യക്തമാക്കിയില്ല. വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനം എടുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി സസ്പെൻസ് വർദ്ധിപ്പിച്ചു.
ലോക്‌സഭയിലേക്ക് വൻ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും വിജയിച്ചശേഷം ആദ്യമായിട്ടാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്. എൽ.ഡി.എഫിന്റെ ആനി രാജയെ 3.64 ലക്ഷം വോട്ടിനാണ് രാഹുൽ പരാജയപ്പെടുത്തിയത്. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് നാല് ലക്ഷത്തിലേറെ വോട്ടിന് രാഹുൽ ഗാന്ധി വിജയിച്ചതോടെ ഏതെങ്കിലും ഒരുമണ്ഡലം ഒഴിയേണ്ടിവരും. സോണിയാ ഗാന്ധിയാണ് നേരത്തെ റായ്ബറേലിയിൽ മത്സരിച്ചിരുന്നത്. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമെന്ന നിലയിൽ റായ്ബറേലി രാഹുൽ ഗാന്ധി നിലനിറുത്തിയേക്കും. രാഹുൽ ഗാന്ധി വയനാട് ഒഴിയുമെന്ന് ഇന്നലെ പൊതുപരിപാടിക്കിടെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ് സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചെങ്കിലും കുടുംബാധിപത്യമെന്ന പ്രചാരണത്തിന് വഴിവയ്ക്കുമെന്നതിനാൽ ഇതുണ്ടായേക്കില്ല. ഇന്നലെ രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തുമെന്ന് അറിയിച്ചെങ്കിലും വന്നില്ല. കെ.മുരളീധരൻ, ടി.സിദ്ദിഖ് ഉൾപ്പെടെയുള്ള പേരുകൾ വയനാട്ടിലേക്കുള്ള ചർച്ചകളിൽ സജീവമാണ്.
വമ്പൻ സ്വീകരമേകി ജില്ല
വയനാട് മണ്ഡലത്തിൽ ഉൾപ്പെട്ട എടവണ്ണയിലെത്തിയ രാഹുൽഗാന്ധിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. വലിയ ജനാവലിയുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയിൽ, തുറന്ന ജീപ്പിൽ ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധി വേദിയിലേക്കെത്തിയത്. തുടർച്ചയായി പെയ്ത മഴയെ അവഗണിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രവർത്തകർ ഒഴുകിയെത്തി. കരിപ്പൂരിൽ നിന്ന് റോഡ് മാർഗ്ഗമാണ് എടവണ്ണയിലും പിന്നീട് കൽപ്പറ്റയിലും രാഹുൽ ഗാന്ധിയെത്തിയത്. ചടങ്ങിൽ കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ, ഷാഫി പറമ്പിൽ, എ.പി.അനിൽകുമാർ, വി.എസ്.ജോയ്, പി.കെ. ബഷീർ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.