തിരൂർ: മൂന്ന് മാസം മുമ്പ് നാട്ടിൽ നിന്നും കുവൈറ്റിലേക്ക് പോകുമ്പോൾ നിറയെ സ്വപ്നങ്ങളും വാഗ്ദാനങ്ങളുമായാണ് നൂഹ് കടൽ കടന്നത്. നാട്ടിൽ നിന്നും പോയതിന് ശേഷം കഴിഞ്ഞ ഒരു മാസം മുമ്പാണ് കുവൈറ്റിലെ കമ്പനിയിൽ ജോലിക്ക് പ്രവേശിക്കുന്നത്. നാട്ടിൽ കടലിൽ പോയി മത്സ്യബന്ധന ജോലി ചെയ്തും 12 വർഷം വിദേശത്ത് പോയി കഷ്ട്ടപ്പെട്ട് പണി പൂർത്തിയാക്കിയ തന്റെ വീട്ടിൽ ഭാര്യയും മക്കളുമൊത്ത് കൂടുതൽ കാലം താമസിച്ചു കൊതിതീരുന്നതിന് മുമ്പാണ് മരണം തട്ടിയെടുത്തത്. തീരദേശത്തെ മുസ്ലീം ലീഗ് സജീവ പ്രവർത്തകൻ കൂടിയായ അദ്ദേഹം നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. തീരദേശ നിവാസികൾക്ക് നൂഹിന്റെ വിയോഗത്തിലും അഭിമാനിക്കാവുന്ന നിമിഷങ്ങൾ നൽകിയാണ്ജീവൻ വെടിഞ്ഞത്. ആറാം നിലയിൽ ക്ഷീണിതനായി മറ്റു ജോലിക്കാരുടെ കൂടെ കിടന്ന് ഉറങ്ങുമ്പോഴാണ് അപകടം നടക്കുന്നത്. ആറാം നിലയിൽ തീ കത്തി പടരുമ്പോൾ തനിക്ക് രക്ഷിക്കാൻ സാധിക്കുന്നവരെ മുഴുവൻ രക്ഷിച്ച് താഴേക്ക് മറ്റൊരു വഴിയിലൂടെ ഇറക്കുമ്പോൾ കത്തിയമർന്ന് പൊങ്ങുന്ന പുകശ്വസിച്ച് തന്റെ ജീവൻ അവസാനിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്തേക്ക് കുവൈത്തിൽ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്ന രണ്ട് സഹോദരൻമാരും തന്റെ സഹോദരി ഭർത്താവും ഉടനടി എത്തിചേരുകയും നൂഹിന് വേണ്ടി തിരച്ചിൽ നടത്തുകയും ചെയ്തു. തന്റെ സഹോരൻ നൂഹ് അപകടത്തിൽ പെടരുതെ എന്ന പ്രാർത്ഥനയോടെ തിരച്ചിൽ നടത്തിയെങ്കിലും പരിക്കുപറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച നിരവധി പേരിൽ നിന്നും ഒരാൾ കൂടി മരണപ്പെട്ടു എന്ന സന്ദേശം ലഭിച്ചപ്പോൾ അത് ഒരിക്കലും നൂഹ് ആവുമെന്ന് സഹോദരൻമാർ വിചാരിച്ചില്ല. അവസാനം കൂടെ ഉണ്ടായിരുന്ന പരിക്ക് പറ്റിയവർ പറയുമ്പോഴാണ് തന്റെ സഹോദരന്റെ വിയോഗം അറിയുന്നത്.