മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് എം.എസ്.എഫ് പ്രതിഷേധം. ഹയർ സെക്കന്ററി മലപ്പുറം മേഖല ഉപഡയറക്ടറുടെ ഓഫീസ് എം.എസ്.എഫ് ഉപരോധിച്ചു. ഓഫീസ് പൂട്ടിയിട്ടായിരുന്നു ഉപരോധം. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഉൾപ്പെടെയുള്ളവർ ഓഫീസിനുള്ളിൽ ചർച്ച നടത്തുന്നതിനിടെ പുറത്ത് പ്രതിഷേധിച്ച 10 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന്, പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ സമരക്കാർ പൂട്ടിയിട്ട ഓഫീസ് പൊലീസ് ബലം പ്രയോഗിച്ച് തുറന്നു. ഓഫീസിനകത്തുള്ള ഫർണിച്ചർ അടക്കമുള്ളവ പ്രവർത്തകർ തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചു. ഇത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതുവരെ സമരം തുടരുമെന്നും ജില്ലയോട് കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും പി.കെ.നവാസ് അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കണക്ക് തെറ്റാണ്. മന്ത്രിക്ക് തെറ്റായ കണക്ക് കൊടുത്തത് ആർ.ഡി.ഡിയാണ്. അദ്ദേഹത്തിനെതിരായ പ്രതിഷേധമാണ് നടത്തിയത്. ഇനിയും ശക്തമായ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധവുമായി മുസ്ലിം ലീഗ് നേരത്തെ മലബാറിലെ ആറ് ജില്ലകളിലെ കളക്ടറേറ്റുകളിലേക്കാണ് മാർച്ച് നടത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിസന്ധിക്ക് പരിഹാരം കാണത്തതിൽ എം.എസ്.എഫും പ്രതിഷേധവുമായി രംഗത്തെത്തിയത്.രണ്ടാം ഘട്ട അലോട്ട്‌മെന്റ് പട്ടിക പുറത്ത് വന്നിട്ടും മലബാറിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമാണ്. രണ്ടാം ഘട്ടത്തിൽ ജില്ലയിൽ പുതുതായി അവസരം ലഭിച്ചത് 2,437 വിദ്യാർത്ഥികൾക്ക് മാത്രമാണ്. ജില്ലയിൽ 46,839 വിദ്യാർത്ഥികൾ അവസരം കാത്ത് നിൽക്കുമ്പോൾ ജില്ലയിൽ ആകെ ശേഷിക്കുന്നത് 14,600 സീറ്റുകൾ മാത്രമാണ്.