കൊണ്ടോട്ടി: മാപ്പിള മഹാകവി മോയിൻ കുട്ടി വൈദ്യർക്ക് ജന്മനാട്ടിൽ സ്ഥാപിച്ച സ്മാരകത്തിന് കാൽ നൂറ്റാണ്ട്. 1994ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ തറക്കല്ലിട്ടു. നിർമ്മാണം പൂർത്തിയായ കെട്ടിടം1999 ജൂൺ 13ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ ഉദ്ഘാടനം ചെയ്തു. മോയിൻ കുട്ടി വൈദ്യർക്ക് ജന്മനാട്ടിൽ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക നായകർ വർഷങ്ങളായി നടത്തിയ ശ്രമമാണ് യാഥാർത്ഥ്യത്തിലെത്തിയത്.

2013ൽ മാപ്പിളകലാ അക്കാദമിയായി സ്ഥാപനം വളർന്നു. മോയിൻകുട്ടി വൈദ്യരുടെ കൃതികൾ സമാഹരിച്ച് രണ്ടു വാള്യങ്ങളിലായി സമ്പൂർണ സമാഹാരം തയ്യാറാക്കിയതാണ് ആദ്യകാലത്തെ പ്രധാന പ്രവർത്തനം. പ്രൊഫ. കെ.കെ. മുഹമ്മദ് അബ്ദുൾകരിമും കെ. അബൂബക്കറും ചേർന്നാണ് സമാഹാരം തയ്യാറാക്കിയത്.

പിന്നീട് മാപ്പിളകലകളുടെ പരിശീലനം തുടങ്ങാനും ചരിത്ര സാംസ്കാരിക മ്യൂസിയത്തിന് കെട്ടിടം നിർമ്മിക്കാനുമായി. മൊയ്തു കിഴിശ്ശേരിയുടെ പുരാവസ്തുക്കൾ ശേഖരിച്ച് മ്യൂസിയം തയ്യാറാക്കിയതും അറബി മലയാളം ഗവേഷണ ഗ്രന്ഥാലയം വിപുലപ്പെടുത്തിയതും തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ പേരിൽ ഓഡിയോ വിഷ്വൽ തിയേറ്റർ സ്ഥാപിച്ചതുമെല്ലാം അക്കാദമിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടി.

റെക്കോർഡിംഗ് സ്റ്റുഡിയോ, 25,​000 മാപ്പിളപ്പാട്ടുകളുടെ ശേഖരമുള്ള മ്യൂസിക്കൽ ആർക്കൈവ്സ്, കൊണ്ടോട്ടി നേർച്ചയുടെയും മാപ്പിളകലാപത്തിന്റെയും ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഗാലറി എന്നിവ അക്കാദമിയിൽ ഒരുക്കിയിട്ടുണ്ട്. ഇശൽപൈതൃകം എന്ന പേരിൽ ത്രൈമാസികയും പ്ര സിദ്ധീകരിക്കുന്നു. 2021ൽ നാ ദാപുരത്ത് അക്കാദമിയുടെ ഉപകേന്ദ്രം തുടങ്ങി. മലബാറിലെ പ്രമുഖ സാംസ്കാരിക സ്ഥാപനമെന്ന നിലയിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ് മോയിൻ കുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി.