
മലപ്പുറം: ഭൂമി തരം മാറ്റാനായി ജില്ലയിലെ റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 39,769 അപേക്ഷകൾ. ഇതിൽ 18,895 അപേക്ഷകൾ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയുടേതാണ്. 20,874 എണ്ണം ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമി തരംമാറ്റുന്നതിന് ലഭിച്ചതും. തിരൂർ ആർ.ഡി.ഒ പരിധിയിലാണ് കൂടുതൽ - 16,228 എണ്ണം. പെരിന്തൽമണ്ണയിൽ 11,913 അപേക്ഷകളുണ്ട്.
വീട് നിർമ്മാണത്തിനായി ഭൂമി തരം മാറ്റുന്നതിന് നേരിടുന്ന കാലതാമസം ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് അടക്കം ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഗുരുതര രോഗങ്ങളുടെ ചികിത്സ, വിദ്യാഭ്യാസം, വിവാഹം എന്നീ ആവശ്യങ്ങൾ, ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട വീടുകളുടെ നിർമ്മാണം എന്നിവയ്ക്ക് മുൻഗണന നൽകണമെന്നാണ് ചട്ടം. ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള ഇന്റേണൽ കമ്മിറ്റിയാണ് ഇത്തരം അപേക്ഷകൾ പരിഗണിക്കേണ്ടത്. ഇതിന് കാലതാമസം പാടില്ലെന്ന് റവന്യൂ വകുപ്പ് ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല.
റവന്യൂ വകുപ്പിന്റെ റെലിസ് പോർട്ടൽ മുഖേന ലഭിക്കുന്ന അപേക്ഷകളിൽ മുൻഗണനാക്രമം പാലിച്ചാണ് അപേക്ഷകൾ തീർപ്പാക്കുന്നതെന്നാണ് റവന്യൂ വകുപ്പ് അധികൃതർ പറയുന്നത്. ഭൂമി തരം മാറ്റുന്നതിന് വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ എന്നിവരുടെ റിപ്പോർട്ട് കൂടി ലഭിക്കണം. ചില അപേക്ഷകളിൽ കെ.എസ്.ആർ.ഇ.സി റിപ്പോർട്ടും വേണം. വില്ലേജ്, കൃഷി ഓഫീസർമാരുടെ ജോലിഭാരം മൂലം റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഏറെ കാലതാമസമെടുക്കുന്നുണ്ട്. വ്യത്യസ്ത സമയ പരിധികളിലാണ് റിപ്പോർട്ടുകൾ സമർപ്പിക്കപ്പെടുന്നത് എന്നതിനാൽ ഓൺലൈൻ അപേക്ഷകളിലെ മുൻഗണനാക്രമം പാലിക്കാൻ കഴിയാറില്ല.
തരംമാറ്റത്തിൽ നിറഞ്ഞ് ക്രമക്കേട്