പരപ്പനങ്ങാടി: തനിക്കെതിരെ പാർട്ടി നടപടി എടുത്തതിനെതിരെ മുനിസിപ്പാലിറ്റി എട്ടാം ഡിവിഷൻ കൗൺസിലറും ബി.ജെ.പി നേതാവുമായ സി. ജയദേവൻ രംഗത്ത്. ജയദേവനെ മുനിസിപ്പൽ പാർലമെന്ററി സ്ഥാനത്തു നിന്നും പാർട്ടിയുടെ ഔദ്യോഗിക ചുമതലകളിൽ നിന്നും ഒഴിവാക്കിയതായി ബി.ജെ.പി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പാർട്ടി പദവികൾ ദുരുപയോഗം ചെയ്തെന്നും വ്യാജരേഖ നിർമ്മിച്ചെന്നുമുള്ള തരത്തിൽ പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ അപകീർത്തികരമായ രീതിയിൽ പരസ്യപ്രതികരണം നടത്തിയതിനെതിരെയാണ് ജയദേവൻ അഡ്വ: മുസ്തഫ വഴി എതിർകക്ഷികൾക്ക് വക്കീൽ നോട്ടീസ് അയച്ചത്. ബി.ജെ.പി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി നഗരസഭാ പാർലമെന്ററി പാർട്ടിയോഗം ഔദ്യോഗികമായി കൂടിയിട്ടില്ല. തന്നെ പൊതുജനമദ്ധ്യത്തിൽ വ്യക്തിഹത്യ നടത്താനാണ് മണ്ഡലം പ്രസിഡന്റിന്റെ കൈയൊപ്പോടെ പത്രപ്രസ്താവനയിറക്കിയത്. സംഘടനാ ഭാരവാഹികൾ പൂർണ്ണമായും അറിഞ്ഞല്ല യോഗം ചേർന്നത്. തന്നെയും മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി. സുമേഷ്, എസ്.സി മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് കെ.രാജേഷ് എന്നിവരെയും പാർട്ടി ഉത്തരവാദിത്വത്തിൽ നിന്ന് നീക്കം ചെയ്തതായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റിയും ജന:സെക്രട്ടറിയുടെയും ഏകപക്ഷീയ തീരുമാനമാണെന്നും ജയദേവൻ പത്രക്കുറിപ്പിൽ പറഞ്ഞു. .