vvvvvvv

മലപ്പുറം: പ്ലസ്‌ വൺ സീറ്റിലെ കുറവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷ വിദ്യാ‌ർത്ഥി സംഘടനകൾക്കൊപ്പം എസ്.എഫ്.ഐയും സമര രംഗത്തിറങ്ങിയിരിക്കെ മലപ്പുറം ജില്ലയിൽ വലിയ സീറ്റ് ക്ഷാമമുണ്ടെന്ന വാദം നിയമസഭയിൽ തള്ളി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. മലപ്പുറത്ത് 7,​428 സീറ്റുകളുടെ കുറവ് മാത്രമേയുള്ളൂ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി ഉറപ്പേകി. മലപ്പുറത്ത് കാൽലക്ഷത്തിലധികം സീറ്റിന്റെ കുറവുണ്ടെന്ന പ്രതിപക്ഷ വാദം മന്ത്രി തള്ളി. ജില്ലയിൽ 82,466 അപേക്ഷകരിൽ 7,606 പേർ ജില്ലയ്ക്ക് പുറത്തുള്ളവരാണ്. ഇതിൽ 4,352 പേർ മറ്റ് ജില്ലകളിൽ പ്രവേശനം നേടിയിട്ടുണ്ട്. പാലക്കാട് - 2,370, കോഴിക്കോട് - 1,383, തൃശൂർ - 543 പേർ, മറ്റ് ജില്ലകളിൽ 56 പേർ എന്നിങ്ങനെയാണിത്. ഇതോടെ 78,114 അപേക്ഷകളാണ് ശേഷിക്കുന്നത്. ഇതിൽ 11,546 പേർ അലോട്ട്മെന്റ് കിട്ടിയിട്ടും പ്രവേശനം നേടിയിട്ടില്ല. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് സീറ്റുകളിൽ ഇഷ്ടപ്പെട്ട കോഴ്സ്, സ്കൂൾ എന്നിവ ലഭിക്കാത്തത് കൊണ്ടാവാം ഇതെന്ന് വിദ്യാഭ്യാസ വകുപ്പ് സമ്മതിക്കുന്നുണ്ട്. ഇതിൽ 2,866 പേർ മാനേജ്മെന്റ് സീറ്റുകളിൽ പ്രവേശനം നേടിയെന്നാണ് അധികൃതരുടെ കണക്ക്. കമ്മ്യൂണിറ്റി ക്വാട്ട 954 പേർ, അൺ എയ്ഡഡിൽ 223 പേർ, സ്പോർട്സ് ക്വാട്ടയിലും 444 മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ അഞ്ച് പേർ എന്നിങ്ങനെ ആകെ 4,492 പേർ പ്രവേശനം നേടിയിട്ടുണ്ട്.

പ്രവേശനം നേടിയത് 53,782 പേർ

മലപ്പുറം ജില്ലയിൽ ആകെ 53,782 പേർ പ്ലസ്‌വൺ പ്രവേശനം നേടിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. മെറിറ്റ് സീറ്റിൽ 44,244 പേർ, സ്പോർട്സ് ക്വാട്ട - 873, മോഡൽ റെസി‌ഡൻഷ്യൽ സ്കൂൾ - 25, കമ്മ്യൂണിറ്റി ക്വാട്ട - 3,141, മാനേജ്മെന്റ് ക്വാട്ട - 2,137, അൺ എയ്ഡഡ് സ്കൂളുകളിൽ 1,051 പേർ എന്നിങ്ങനെ 51,471 പേരും വി.എച്ച്.എസ്.ഇയിൽ 2,311 പേരും അടക്കമാണിത്. 17,298 അപേക്ഷകൾ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ എന്നാണ് സർക്കാർ കണക്ക്. മെറിറ്റ് , സ്പോർട്സ് ക്വാട്ട, കമ്മ്യൂണിറ്റി അടക്കം 9,820 സീറ്റുകൾ ജില്ലയിൽ അവശേഷിക്കുന്നുണ്ട്. ഇതോടെ 7,428 സീറ്റുകളുടെ കുറവ് മാത്രമേ ജില്ലയിലുള്ളൂ എന്നും ഇത് പരിഹരിക്കുമെന്നുമാണ് മന്ത്രിയുടെ ഉറപ്പ്.