
പൊന്നാനി : മഴയെത്തിയതോടെ നാട്ടിൽ സജീവമായി ഞാവൽപഴം വിപണി. കിലോയ്ക്ക് 350 രൂപയാണ് വില. ജൂൺ, ജൂലായ് മാസങ്ങളാണ് ഞാവൽപഴത്തിന്റെ സീസൺ.
ദൂരെ നിന്ന് പോലും കച്ചവടത്തിനായി ആളുകൾ പൊന്നാനി, എടപ്പാൾ ഭാഗങ്ങളിലെത്തുന്നുണ്ട്. പൊന്നാനി എടപ്പാൾ റോഡിന്റെ പല ഭാഗത്തും ഞാവൽപഴം വിൽക്കുന്നവരെ കാണാം. വലിയ വില കൊടുത്തും ഒരുപാട് പേർ വാങ്ങുന്നുണ്ട് . ഔഷധ ഗുണമാണ് ഞാവൽപഴത്തെ വി.ഐ.പിയാക്കുന്നത്. ഇലയും തൊലിയും വിത്തുമെല്ലാം ഔഷധഗുണമുള്ളതാണ്. ചെറിയ ചവർപ്പും മധുരവുമുള്ള ഈ പഴം ഉപ്പ് ചേർത്ത് കഴിക്കുവാനും നല്ലതാണ്. പ്രമേഹത്തിന് ഫലപ്രദമാണ്. ഗർഭിണികൾക്കും ആരോഗ്യപ്രദമാണിത്. ഞാവലിന്റെ ഇല തിളപ്പിച്ച് വെള്ളം കുടിക്കുന്നത് ഒരുപാട് അസുഖങ്ങൾക്കുള്ള മരുന്നാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാലും ഇതുപയോഗിക്കാറുണ്ട്.
ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഞാവൽപഴമെത്തുന്നത്. കാഴ്ച്ചയ്ക്ക് നല്ല നിറവും വലിപ്പവുമുള്ളതാണിവ.