മലപ്പുറം: മൂന്ന് വർഷത്തിനിടെ ജില്ലയിൽ പി.എസ്.സി നിയമനം ലഭിച്ചത് 6,591 പേർക്ക്. 216 ഒഴിവുകളിലേക്ക് കൂടി നിയമന ശുപാർശ നൽകുന്നതിനുള്ള നടപടികൾ പി.എസ്.സി തുടങ്ങിയിട്ടുണ്ടെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചു. രണ്ടാം ഇടത് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നടന്ന പി.എസ്.സി നിയമനങ്ങൾ സംബന്ധിച്ച പി.ഉബൈദുള്ള എം.എൽ.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ മറുപടി. ജില്ലയിൽ റാങ്ക് ലിസ്റ്റുകൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കാൻ വേണ്ട നടപടികൾ പി.എസ്.സി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒഴിവുകൾ ഉണ്ടാവുന്ന മുറയ്ക്ക് തന്നെ അവ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ എല്ലാ വകുപ്പ് മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. കോടതി വ്യവഹാരങ്ങളിൽ ഉൾപ്പെട്ടവ ഒഴികെയുള്ള എല്ലാ ഒഴിവുകളിലേക്കും നിയമന ശുപാർശ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജില്ലയിലെ വിവിധ വകുപ്പുകളിലേക്കുള്ള 73 റാങ്ക് ലിസ്റ്റുകളുടെ കാലാവധി മേയിൽ പൂർത്തിയായിട്ടുണ്ട്. 27 റാങ്ക് ലിസ്റ്റുകളുടെ പട്ടിക വൈകാതെ പ്രസിദ്ധീകരിക്കുമെന്നും സർക്കാർ അറിയിച്ചു.