
മലപ്പുറം: നിലമ്പൂർ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്ന് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രശ്നം പഠിച്ചു പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും ഇനിയും യാഥാർത്ഥ്യമായിട്ടില്ല. നിലമ്പൂർ സി.എൻ.ജി പാതയിൽ ഒ.കെ.കെ പടി മുതൽ വെളിയംതോട് വരെയുളള 6.5 കിലോമീറ്റർ ദൂരത്തിലാണ് ബൈപ്പാസ് നിർമ്മിക്കുന്നത്. ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്തിട്ടും മുപ്പത് വർഷമായി നഷ്ടപരിഹാരം നൽകാനോ നടപടികൾ സ്വീകരിക്കാനോ അധികൃതർ തയ്യാറാകാത്തതിനാൽ പ്രദേശവാസികൾ ഏറെ പ്രയാസത്തിലാണ്. വീടുകൾ മുഴുവൻ ജീർണാവസ്ഥയിലാണ്. ചിലത് നിലം പൊത്തിയ അവസ്ഥയിലുമാണ്. ബാങ്ക് ലോൺ പോലും എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആക്‌ഷൻ കൗൺസിൽ നിവേദനം നൽകിയിരുന്നു. പി.വി. അൻവർ എം.എൽ.എ, നിലമ്പൂർ നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.എം. ബഷീർ, വാർഡ് മെമ്പർ മങ്ങാട്ട് അഷ്രഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മുഖ്യമന്ത്രിയെ കണ്ടതെന്ന് വാർത്താസമ്മേളനത്തിൽ ആക്‌ഷൻ കൗൺസിൽ ഭാരവാഹികളായ കെ.പി. ഉമ്മർ, ജയിംസ് ജോസഫ്, മുഹമ്മദ് ഇബ്രാഹീം, നദീർ, ജമുന, ഹസീന എന്നിവർ പറഞ്ഞു.