താനൂർ: സർക്കാറിന്റെ വിദ്യാഭ്യാസ അവഗണനയ്ക്ക് കുടപിടിക്കുന്ന മന്ത്രി അബ്ദുറഹിമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിൽ നേരിയ സംഘർഷം. വനിതാ നേതാക്കൾ ഉൾപ്പടെയുള്ള പ്രവർത്തകരെയും നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മൂലക്കലിൽ നിന്ന് ആരംഭിച്ച ഉപരോധ മാർച്ച് മന്ത്രിയുടെ ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തർ ദേശീയപാത ഉപരോധിക്കുകയായിരുന്നു. ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടതോടെ പൊലീസ് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, ജനറൽ സെക്രട്ടറി ബാസിത് താനൂർ, ഫായിസ് എലാങ്കോട് ഉൾപ്പടെയുള്ള നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. പ്ലസ് വൺ സീറ്റ് വിഷയത്തിൽ സർക്കാർ ബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ ശക്തമായ ചെറുത്ത് നിൽപ്പ് സമരങ്ങൾ മന്ത്രിയും സർക്കാറും നേരിടേണ്ടി വരുമെന്ന് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു.