mn
ദേശീയ സെമിനാറിനോട് അനുബന്ധിച്ച് നടന്ന മാദ്ധ്യമ സെമിനാർ പ്രൊഫ. എം.എൻ.കാരശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

തേഞ്ഞിപ്പലം: ജവഹർലാൽ നെഹ്റു സ്വയം വിമർശിച്ച് പത്രത്തിൽ ലേഖനമെഴുതിയപ്പോൾ മോദിക്കും പിണറായിക്കും ശത്രു മാദ്ധ്യമങ്ങളാണെന്ന് എം.എൻ കാരശേരി. സ്വയം വിമർശനത്തിന് തയ്യാറായില്ലെങ്കിൽ ഏകാധിപതിയായി മാറുമെന്ന ആശങ്കയിൽ തന്നെ വിമർശിച്ച് നെഹ്റു ചാണക്യൻ എന്ന പേരിൽ ലേഖനം എഴുതിയിരുന്നു. കാർട്ടൂണിസ്റ്റ് ശങ്കറിനോട് തന്നെ വെറുതെവിടരുതെന്നാണ് നെഹ്റു പറഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാല മുഹമ്മദ് അബ്ദുറഹിമാൻ ചെയർ ഫോർ സെക്യുലർ സ്റ്റഡീസിന്റെ 'അസഹിഷ്ണുതക്കെതിരെ ഇന്ത്യ'ദേശീയ സെമിനാറിൽ മതനിരപേക്ഷതയും നെഹ്രുവിയൻ പാരമ്പര്യവും' എന്ന വിഷയം അവതരിപ്പിച്ച പ്രസംഗിക്കുകയായിരുന്നു. മതത്തെ രാഷ്ട്രീയത്തിൽ നിന്നും ഭരണത്തിൽ നിന്നും മാറ്റി നിർത്തണമെന്ന നിലപാടാണ് നെഹ്റു ഉയർത്തിപ്പിടിച്ചത്. സോമനാഥ ക്ഷേത്രം പുതുക്കിപ്പണിയണമെന്ന ആവശ്യം ഉയർന്നപ്പോൾ അത് സർക്കാരിന്റെ ചുമതല അല്ലെന്ന നിലപാടാണ് നെഹ്റു സ്വീകരിച്ചതെന്നും വ്യക്തമാക്കി. മതനിരപേക്ഷത രാഷ്ട്രീയത്തിൽ പ്രയോഗിക്കുകയും വിജയിക്കുകയും ചെയ്ത നേതാവാണ് നെഹ്റു എന്ന് ഹമീദ് ചേന്ദമംഗലൂർ പറഞ്ഞു. മതാത്മക ദേശീയതയല്ല മതേതര ദേശീയതയാണ് നെഹ്റു ഉയർത്തിക്കാണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. ബാബു വർഗീസ് പ്രസംഗിച്ചു.