മലപ്പുറം: ജില്ലയിലെ രണ്ട് സ്‌കൂളുകളിൽ ഭക്ഷ്യ വിഷബാധയുണ്ടായതിന്റെ പശ്ചാത്തലത്തിൽ സംയുക്ത സ്‌ക്വാഡ് രൂപീകരിച്ച് എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടർ വി.ആർ.വിനോദ് പറഞ്ഞു. ഭക്ഷ്യ സുരക്ഷ, ആരോഗ്യം, പൊതുവിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ, വാട്ടർടാങ്ക്, ടോയ്ലറ്റുകൾ, ഉച്ചഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കും. ദുരന്തം ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കുമെന്നും കളക്ടർ പറഞ്ഞു. മത്സ്യം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഐസ് ഉപയോഗിച്ച് ഓഡിറ്റോറിയങ്ങളിലും മറ്റും വെൽക്കം ഡ്രിങ്ക് തയ്യാറാക്കുന്നത് ജില്ലയിൽ മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങൾ പടരാൻ ഇടയാക്കിയിട്ടുണ്ട്. ഇത് തടയാൻ ഓഡിറ്റോറിയങ്ങളിലും മറ്റും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും. ലൈസൻസ് ഉള്ള കാറ്ററേഴ്സ് മാത്രമേ ഓഡിറ്റോറിയങ്ങളിൽ ഭക്ഷണം തയ്യാറാക്കാൻ പാടുള്ളൂ എന്നും കളക്ടർ നിർദ്ദേശിച്ചു.
പത്താംതരം വിജയിച്ച ഒരു കുട്ടി പോലും പ്രവേശനം കിട്ടാതെ പുറത്തിരിക്കുന്ന അവസ്ഥയുണ്ടാവാത്ത വിധം പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടു. പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത അപേക്ഷകർ കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെത്തി അവിടങ്ങളിലെ സ്‌കളുകളിൽ അധിക ബാച്ചുകൾ അനുവദിക്കുന്ന വിധത്തിൽ റിപ്പോർട്ട് തയ്യാറാക്കി സർക്കാറിന് സമർപ്പിക്കുമെന്ന് ഹയർസെക്കന്ററി മേഖലാ ഉപമേധാവി ഡോ. പി. എ അനിൽ യോഗത്തിൽ അറിയിച്ചു.
മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എയുടെ ചോദ്യത്തിനുത്തരമായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. മലപ്പുറം കോട്ടക്കുന്നിൽ മഴക്കാലത്തെ മണ്ണിടിച്ചിൽ തടയുന്നതിന് ഡ്രൈനേജ് നിർമിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠൻ, പെരിന്തൽമണ്ണ സബ് കളക്ടർ അപുർവ തൃപാദി, അസി. കളക്ടർ വി.എം ആര്യ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ ടി ജ്യോതിമോൾ, വിവിധ നഗരസഭാ അധ്യക്ഷർ, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.