ggggg

മലപ്പുറം: ജില്ലയിൽ ചാലിയാർ, കടലുണ്ടി, ഭാരതപ്പുഴ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത 17 കടവുകളിൽ നിന്ന് മണൽ വാരുന്നതിന് സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയുടെ (എസ്.ഇ.ഐ.എ.എ) പാരിസ്ഥിതികാനുമതി ലഭിച്ചു. പുഴകളിൽ നിന്ന് മണൽ വാരുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുള്ള പാരിസ്ഥിതികാനുമതി നിർബന്ധമാണ്. ഇതിനായി തഹസിൽദാർമാരുടെ നേതൃത്വത്തിൽ കടവുകൾ പരിശോധിച്ച് സമർപ്പിച്ച ഡിസ്ട്രിക്ട് സർവേ റിപ്പോർട്ട് അംഗീകരിച്ചാണ് അനുമതി ലഭിച്ചത്. ഇനി പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെയും ജില്ലാ വിദഗ്ദ്ധ സമിതിയുടെയും അനുമതി കൂടി വേണം. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നായി ഭാരതപ്പുഴയിൽ നിന്ന് 1,​39,​73,​690 കോടി മെട്രിക് ടൺ മണൽ വാരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 13 പുഴകളിൽ നിന്ന് ഏറ്റവും കൂടുതൽ മണൽ വാരുക ഭാരതപ്പുഴയിൽ നിന്നാണ്. ചാലിയാറിൽ നിന്ന് 2,80,830 മെട്രിക് ടണ്ണും കടലുണ്ടിയിൽ നിന്ന് 17,556 മെട്രിക് ടൺ മണലും വാരും. ഓരോ കടവുകളിലും അഞ്ച് ഹെക്ടറിൽ താഴെ വരുന്ന സ്ഥലത്ത് നിന്ന് മണൽ വാരുന്നതിനുള്ള സാദ്ധ്യതയാണ് പരിശോധിച്ചത്.

2013ലാണ് മണൽ വാരൽ നിരോധിച്ചത്. 2015ൽ മൂന്ന് മാസം മാത്രം മണലെടുപ്പിന് അനുമതി നൽകി. പിന്നീട് ചാലിയാറിൽ മണൽ ഓഡിറ്റ് നടത്തിയെങ്കിലും റിപ്പോർട്ട് അവ്യക്തമായതിനാൽ മണൽ വാരൽ നടന്നില്ല. 2019 ജനുവരിയിലാണ് മണൽ ഓഡിറ്റിന് സർക്കാർ അനുമതി നൽകിയത്. 2001ലെ കേരള പ്രൊട്ടക്‌ഷൻ ഒഫ് റിവർ ബാങ്ക്സ് ആൻഡ് റഗുലേഷൻ ഒഫ് റിമൂവൽ ഒഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കുക.

മണൽ വാരാൻ കാത്തിരിക്കണം

2018, 2019 വർഷങ്ങളിലെ പ്രളയത്തിൽ മണ്ണടിഞ്ഞു പുഴകളുടെ ആഴം കുറഞ്ഞതോടെ മണലെടുപ്പിനെക്കുറിച്ച് സർക്കാർ ആലോചന തുടങ്ങിയിരുന്നു. പുഴകളിൽ വൻതോതിൽ മണ്ണും മണലും അടിഞ്ഞ് കൂടിയതിനാൽ ഒഴുക്കു തടസ്സപ്പെടുന്ന സാഹചര്യത്തിൽ, മണൽ നീക്കുന്നതുമായി ബന്ധപ്പെട്ട് ഓഡിറ്റ് നടത്താൻ ഉപസമിതിയെ നിയോഗിച്ചു. പ്രളയത്തിന് പിന്നാലെ ചാലിയാറിൽ നിലമ്പൂർ,​ വഴിക്കടവ്,​ അരീക്കോട് മേഖലകളിൽ പലയിടങ്ങളിലും മണലും ചെളിയും അടിഞ്ഞുകിടന്ന് പുഴയുടെ സുഗമമായ ഒഴുക്കിനെ വരെ തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ട്. മഴക്കാലത്തിന് മുമ്പേ ഈ തടസ്സങ്ങൾ നീക്കണമെന്ന നിരന്തര ആവശ്യം പരിഗണിക്കപ്പെട്ടില്ല. കനത്ത മഴയിൽ പുഴകൾ നിറഞ്ഞ് ഒഴുകുന്നതിനാൽ മണൽവാരൽ മൺസൂണിന് ശേഷമേ പ്രായോഗികമാവൂ എന്നാണ് അധികൃതരുടെ നിഗമനം.