
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയവർ ഇന്ന് മുതൽ മടങ്ങും. കേരളത്തിൽ നിന്ന് മൂന്ന് എമ്പാർക്കേഷൻ പോയിന്റുകളിൽ നിന്നാണ് ഹാജിമാർ യാത്ര തിരിച്ചത്. കോഴിക്കോട് നിന്ന് യാത്ര തിരിച്ചവരാണ് ഇന്നുമുതൽ മടങ്ങുന്നത്. മദീനയിൽ നിന്ന് 166 ഹാജിമാരുമായി ആദ്യവിമാനം ഇന്ന് വൈകിട്ട് 3.25ന് കരിപ്പൂരിലെത്തും. രണ്ടാമത്തെ വിമാനം രാത്രി 8.25നെത്തും. കൊച്ചിയിലേക്കും കണ്ണൂരിലേക്കുമുള്ള മടക്കയാത്രാ വിമാനങ്ങൾ ജൂലായ് 10നാരംഭിക്കും. കരിപ്പൂരിൽ എയർഇന്ത്യയും കൊച്ചിയിലും കണ്ണൂരിലും സൗദി എയർലൈൻസുമാണ് സർവീസ് നടത്തുന്നത്.
കൊച്ചിയിലേക്കുള്ള ആദ്യവിമാനം 10ന് രാവിലെ 10.35നും കണ്ണൂരിലേക്കുള്ള ആദ്യ സർവീസ് ഉച്ചയ്ക്ക് 12നും എത്തും. കേരളത്തിലേക്ക് 89 സർവീസുകളാണുള്ളത്. കോഴിക്കോട് 64, കൊച്ചി 16, കണ്ണൂർ 9 സർവീസുകളുണ്ടാകും. ജൂലായ് 22നാണ് അവസാന സർവീസ്.