പാലക്കാട്: രണ്ടുമാസത്തെ വേനലവധി കഴിഞ്ഞ് പുതിയ അദ്ധ്യയന വർഷത്തിന് ഇന്ന് തുടക്കമാകും. വിദ്യാർത്ഥികളെ വരവേൽക്കാൻ ജില്ലയിലെ സ്‌കൂളുകൾ അണിഞ്ഞൊരുങ്ങി. പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിച്ചു. ക്ലാസ് മുറികൾ വൃത്തിയാക്കിയും പെയിന്റടിച്ചും സ്കൂളുകളെല്ലാം കളർഫുള്ളാണ്. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരകൾ പൊളിച്ചു മേഞ്ഞും പരിസരത്തെ കാടുവെട്ടിത്തെളിച്ചും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കിയുമെല്ലാം പി.ടി.എകളും സജീവമായി രംഗത്തുണ്ട്. രണ്ടുഘട്ടമായി സ്‌കൂൾ ബസുകളുടെ പരിശോധന പൂർത്തിയായിട്ടുണ്ട്. ഇനിയും ബസുകൾ പരിശോധനയ്‌ക്കെത്താനുണ്ട്. ഇത് ഒരാഴ്ചയ്ക്കകം പൂർത്തിയാകുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു. കാലവർഷം ആരംഭിച്ചെങ്കിലും സ്കൂൾ തുറക്കൽ ദിനമായ ഇന്ന് പാലക്കാട് കാര്യമായ മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥാ പ്രവചനം.
യൂണിഫോം 50.5 %
 പാലക്കാട് ജില്ലയിൽ 50.5 ശതമാനം യൂണിഫോമുകൾ മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്.
 ഒന്നുമുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് സൗജന്യ യൂണിഫോം നൽകുന്നത്. കണ്ണൂരിലെ സർക്കാർ ഹാൻഡ് വീവിൽനിന്നുമാണ് യൂണിഫോം എത്തുന്നത്.
 ഒന്നുമുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് യൂണിഫോം തുണിയും അഞ്ച് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഒരു ജോഡി യൂണിഫോമിന്റെ തുകയുമാണ് നൽകുന്നത്.
 എ.ഇ.ഒ ഓഫിസുകളിൽ എത്തിക്കുന്ന യൂണിഫോമുകൾ അവിടെ നിന്നാണ് സ്‌കൂളുകൾക്ക് നൽകുന്നത്.
പാഠപുസ്തകം 99%
 ജില്ലയിലാകെ 28,43,811 പുസ്തകങ്ങളാണ് വിതരണത്തിനെത്തിയത്. 99 ശതമാനവും സൊസൈറ്റികളിലെത്തിയിട്ടുണ്ട്. ഇതിൽ 80 ശതമാനം പുസ്തകങ്ങൾ വിദ്യാർത്ഥികളുടെ കൈകളിലുമെത്തി.
 ജില്ലയിലെ സർക്കാർ, എയ്ഡഡ് മേഖലയിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം പൂർത്തിയായി.
 തമിഴ് മീഡിയം വിദ്യാർത്ഥികൾക്കുള്ള ചില പുസ്തകങ്ങൾ മാത്രമാണ് വരാനുണ്ടായിരുന്നത്. അവ ശനിയാഴ്ച ഷൊർണൂർ ബുക്ക് ഡിപ്പോയിൽ എത്തിയിട്ടുണ്ട്. ഇവിടെ നിന്നും സ്‌കൂളുകൾക്ക് വിതരണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.