ചിറ്റൂർ: വേനലവധിക്കാലത്തെ രണ്ട് മാസത്തിൽ 70 വിദ്യാർത്ഥികളാണ് നീന്തൽ അഭ്യസിക്കാൻ പെരുവെമ്പ് കുതിരക്കുളത്തിൽ എത്തിയത്. ഇതിൽ 45 വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലിച്ചു. നീന്തലിനു പുറമെ വെള്ളക്കെട്ടുകളിൽ കുടുങ്ങുന്നവരെ രക്ഷിക്കാനുള്ള പരിശീലനംവരെ പാരന്റ്സ് ആൻഡ് ചിൽഡ്രൻസ് ഓർഗന്നൈസേഷൻ പാലക്കാട് എന്ന സംഘടനയുടെ നേതൃത്വത്തിൽ 70 വിദ്യാർത്ഥികൾക്ക് നൽകിവരുന്നുണ്ട്.
നീന്തൽ അറിയാത്ത കാരണത്തിൽ ഒരു വിദ്യാർത്ഥിയും മുങ്ങി മരിക്കരുതെന്ന ലക്ഷ്യത്തിലാണ് അവധിക്കാലത്ത് നീന്തൽ പരിശീലനം ആരംഭിച്ചത്.
നാലര വയസു മുതൽ 21വയസ് പ്രായമായ വിദ്യാർത്ഥികൾ ഇതിൽ ഉൽപ്പെടും.
ലക്ഷങ്ങൾ നൽകി മെഡിക്കലും എൻജിനീയറിംഗും കരസ്ഥമാക്കിയ കുട്ടികൾ നീന്തലറിയാതെ മുങ്ങി മരിക്കുന്ന വാർത്തകളാണ് സൗജന്യ നീന്തൽ പരിശീലനത്തിന് പ്രേരിപ്പിച്ചതെന്ന് ചിറ്റൂർ ബോയ്സ് ഹൈസ്‌കൂളിലെ കായികാദ്ധ്യാപകൻ എം.വേലുക്കുട്ടി പറഞ്ഞു.
പാലക്കാട്, കണ്ണാടി, പുതുനഗരം, തത്തമംഗലം,കൊല്ലങ്കോട്, കൊടുവായൂർ, വടവന്നൂർ, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് സൗജന്യനീന്തൽ അഭ്യസിക്കാനെത്തിയത്. ചിറ്റൂർ ബോയ്സ് ഹൈസ്‌കൂളിലെ കായികാദ്ധ്യാപകനായ വേലുക്കുട്ടിയാണ് പരിശീലകൻ. നീന്തൽ പരിശീലനത്തിൽ പങ്കെടുത്തവർക്കും പരിശീലനം പൂർത്തീകരിച്ചവർക്കും സർട്ടിഫിക്കറ്റുകൾ നൽകി. പെരുവെമ്പ് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഹംസത്ത് അദ്ധ്യക്ഷനായി. സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. കായികാദ്ധ്യാപകൻ പി.വേലുകുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ഗിരീഷ്, അഭിജിത്ത്, കുമരേഷ് വടവനൂർ , അനിഷമോഹൻ സംസാരിച്ചു.