cpm
ആലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ വിജയാഘോഷം.

 പാലക്കാട് വി.കെ.ശ്രീകണ്ഠന്റെ ഭൂരിപക്ഷം 75283 , 2019ൽ- 11,637

 ആദ്യഘട്ടത്തിൽ ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലമായി കണക്കാക്കിയിരുന്ന പാലക്കാട് പാർട്ടി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല.

 ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനും പരമ്പരാഗത സി.പി.എം വോട്ടുകൾ ചോർന്നതിനുമൊപ്പം ഭരണവിരുദ്ധ വികാരവുമാണ് എൽ.ഡി.എഫിന് പാലക്കാട് മണ്ഡലത്തിൽ തിരിച്ചടിയായത്.

 ആലത്തൂരിൽ കെ.രാധാകൃഷ്ണന്റെ ഭൂരിപക്ഷം 20111

 ഭരണവിരുദ്ധ വികാരം പ്രകടമായ തിരഞ്ഞെടുപ്പിൽ മന്ത്രിയെന്ന നിലയിലെ പ്രവർത്തന മികവും കെ.രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവവുമാണ് ആലത്തൂരിൽ ഇടതുപക്ഷത്തിന് തുണയായത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 63,​3637 വോട്ടുകൾ യു.ഡി.എഫിന് ഇത്തവണ അധികം സമാഹരിക്കാൻ കഴിഞ്ഞപ്പോൾ എൽ.ഡി.എഫിന് കുറഞ്ഞത് 44,​839 വോട്ടുകൾ.

പാലക്കാട്: സംസ്ഥാനത്താകെ ആഞ്ഞടിച്ച യു.ഡി.എഫിന്റെ ചക്രവാതച്ചുഴിയിൽ കടപുഴകിവീണ് പാലക്കാട്ടെ ഇടതുകോട്ട. സംസ്ഥാനത്തെ 20 സീറ്റുകളിൽ ഇടതുപക്ഷത്തിന് ആശ്വാസത്തുരുത്തായി ആലത്തൂർ മാത്രം. ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന പാലക്കാട് രണ്ടാം അങ്കത്തിനിറങ്ങിയ സിറ്റിംഗ് എം.പി വി.കെ.ശ്രീകണ്ഠന്റെ രഥോത്സവമായിരുന്നു.​ 75274 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് നെല്ലറ കൈപ്പിടിയിൽ ഭദ്രമാക്കിയത്. വീറും വാശിയും നിറഞ്ഞ ആലത്തൂരിലെ രാഷ്ട്രീയ പോരാട്ടത്തിൽ 19587 വോട്ടിന്റെ വിജയമാണ് മന്ത്രി കെ.രാധാകൃഷ്ണൻ സ്വന്തമാക്കിയത്. വി.കെ.ശ്രീകണ്ഠൻ 421169 വോട്ടുകൾ നേടി വിജയതീരമണിഞ്ഞപ്പോൾ ഇടതു സ്ഥാനാർത്ഥി സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന് നേടാനായത് 345886 വോട്ടുകൾ മാത്രം. ശക്തമായ സാന്നിദ്ധ്യമായ പാലക്കാട് നിയമസഭാ പരിധിയിൽ പോലും ബി.ജെ.പിക്ക് ഒന്നാമതെത്താൻ കഴിഞ്ഞില്ല. 251778 വോട്ടുകളാണ് എൻ.ഡി.എ സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന് നേടാനായത്. 2019ലെ തിരഞ്ഞെടുപ്പിൽ 2,18,556 വോട്ടുകളാണ് നേടിയത്. ഇത്തവണ 33222 വോട്ടുകൾ കൂടുതൽ സമാഹരിക്കാനായതിൽ ആശ്വസിക്കാം എൻ.ഡി.എയ്ക്ക്. വരും ദിവസങ്ങളിൽ ജയപരാജയങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും വിശകലനങ്ങളും ഇരുപാർട്ടികളിലും നടക്കുമെന്നാണ് അറിയുന്നത്.

എൽ.ഡി.എഫിന് വോട്ടുകൾ കുറഞ്ഞു

ഏപ്രിൽ 26ന് നടന്ന വോട്ടെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച കണക്കുകൾ പ്രകാരം പാലക്കാട് ഇടതുപക്ഷം അരലക്ഷത്തിന്റെ വോട്ടുകൾക്ക് വിജയിക്കുമെന്നായിരുന്നു സംസ്ഥാന - ജില്ലാ നേതൃത്വങ്ങളുടെ അവകാശവാദം. ആ കണക്കുകളെയെല്ലാം അപ്രസക്തമാക്കുന്നതായിരുന്നു യു.ഡി.എഫിന്റെ തുടർച്ചയായ രണ്ടാം വിജയം. ശക്തമായ ഭരണവിരുദ്ധ വികാരവും തോൽവിയുടെ ആക്കം കൂട്ടിയെന്നുവേണം വിലയിരുത്താൻ.

രമ്യഹരിദാസിനെ കൈവിട്ട് ആലത്തൂർ

ഒന്നരലക്ഷത്തിലേറെ വോട്ടുകൾക്ക് കഴിഞ്ഞ തവണ രമ്യഹരിദാസ് വിജയിച്ച ആലത്തൂർ കൈവിട്ടത്തിന്റെ ഞെട്ടലിലാണ് യു.ഡി.എഫ് ക്യാമ്പും പ്രവർത്തകരും. രാധാകൃഷ് ണന് 403447 വോട്ടുകളാണ് ആകെ ലഭിച്ചത്. 20111 വോട്ടിന്റെ ഭൂരിപക്ഷം. രമ്യാ ഹരിദാസിന് 383336 വോട്ടുകളും മത്സരരംഗത്ത് വൈകിയെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി ടി.എൻ.സരസുവിന് 188230 വോട്ടുകളുമാണ് ലഭിച്ചത്. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ടി.വി.ബാബു നേടിയതിനേക്കാൾ 98,393 വോട്ടുകൾ ഡോ.ടി.എൻ.സരസു എൻ.ഡി.എയുടെ പെട്ടിയിലാക്കി. ഇവിടെ ടി.എൻ.സരസു അധികമായി പിടിച്ച വോട്ടുകൾ നിർണായകമായി. കൂടാതെ രമ്യഹരിദാസ് മണ്ഡലത്തിലുണ്ടായിരുന്നില്ലെന്ന ആക്ഷേപങ്ങളും വോട്ടുകുറയാനും തോൽവിക്കും കാരണമായി.