
മണ്ണാർക്കാട്: ക്ഷേത്രത്തിനു മുന്നിലെ ഭണ്ഡാരങ്ങളുടെ പൂട്ടുതകർത്ത് പണം കവർന്ന മോഷ്ടാക്കൾ മറ്റൊരു ഭണ്ഡാരം തകർക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരെത്തിയപ്പോൾ ഓടിരക്ഷപ്പെട്ടു. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ പണവും പൂട്ടു തകർക്കാനുപയോഗിച്ച കമ്പിപ്പാരയും മറ്റും സ്ഥലത്തുപേക്ഷിച്ചതിനാൽ ഭണ്ഡാരങ്ങളിൽ നിന്ന് നഷ്ടപ്പെട്ട പണം തിരികെ കിട്ടി.
തിങ്കളാഴ്ച രാത്രി 12ഓടെയാണ് നഗരസഭാ പരിധിയിലെ അരയങ്ങോട്ട് കവർച്ച നടന്നത്. അരയങ്ങോട് ഭഗവതി ക്ഷേത്രത്തിനുമുന്നിലുള്ള രണ്ട് ഭണ്ഡാരങ്ങളുടെയും പൂട്ടുപൊളിച്ചായിരുന്നു മോഷണം. തുടർന്ന് സമീപത്തെ എസ്.എൻ.ഡി.പി ഗുരുദേവ മന്ദിരത്തിനുമുന്നിലുള്ള ഭണ്ഡാരത്തിന്റെ പൂട്ട് മോഷ്ടാക്കൾ കമ്പിപ്പാര ഉപയോഗിച്ച് പൊളിക്കുന്നതിനിടെ ശബ്ദംകേട്ട് അടുത്തുള്ള വീട്ടുകാർ ഉണർന്നു. വീട്ടുകാർ പുറത്തിറങ്ങിയതോടെ മോഷ്ടാക്കൾ ഓടിരക്ഷപ്പെടുകയായിരുന്നു. മൂന്നുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് വീട്ടുകാർ പറയുന്നു. വിവരമറിഞ്ഞെത്തിയ മണ്ണാർക്കാട് പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. പരിസരപ്രദേശങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാരും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.