open-ym

എട്ട് പഞ്ചായത്തുകളിലായി എട്ട് ഓപ്പൺ ജിം നിർമ്മിക്കും

ആദ്യഘട്ടത്തിൽ നാല് ജിമ്മുകൾ യഥാർത്ഥ്യമാകും

ജിം പ്രവർത്തികൾ പുരോഗമിക്കുന്നു

പട്ടാമ്പി: ചാലിശേരിയിൽ പഞ്ചായത്തിൽ വ്യായാമത്തിലൂടെ ആരോഗ്യം സംരക്ഷിക്കാൻ ഓപ്പൺ ജിം വരുന്നു.
മന്ത്രി എം.ബി.രാജേഷിന്റെ ആസ്ഥി വികസനഫണ്ടിൽ നിന്ന് തൃത്താലയിലെ നാല് പഞ്ചായത്തുകളിലാണ് ഓപ്പൺ ജിം പ്രവർത്തികൾ പുരോഗമിക്കുന്നു.
ചാലിശേരി, തിരുമിറ്റക്കോട്, നാഗലശേരി, പട്ടിത്തറ പഞ്ചായത്തുകളിലാണ് നിർമ്മാണം നടക്കുന്നത്. ആദ്യം പൂർത്തിയാക്കുന്നത് ചാലിശേരി പഞ്ചായത്തിലാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും സ്ഥലം ലഭ്യമാക്കിയാൽ ഓപ്പൺ ജിം സ്ഥാപിക്കുമെന്നത്. അതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ നാല് പഞ്ചായത്തുകളിൽ ഓപ്പൺ ജിം യഥാർത്ഥ്യമാകുന്നത്. മറ്റു നാല് പഞ്ചായത്തുകളിൽ സ്ഥലം ലഭ്യമാകുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. അതിനുള്ള ഫണ്ടും മാറ്റിവെച്ചിട്ടുണ്ട്.

ഈ മാസം ജിം നാടിന് സമർപ്പിക്കും

ചാലിശേരി പതിമൂന്നാം വാർഡ് അങ്ങാടി ഹൈസ്‌കൂൾ റോഡിൽ ജി.സി.സി ക്ലബ്ബിന് സമീപമാണ് ആദ്യ ഓപ്പൺ ജിം ആധുനിക സംവിധാനങ്ങളോടെയുള്ള വരുന്നത്. പഞ്ചായത്ത് വിട്ട് നൽകിയ ആറ് സെന്റ് സ്ഥലത്ത് ജിമ്മിനായി 20 ലക്ഷം രൂപയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്.

കരിങ്കൽ കൊണ്ട് ഭിത്തിക്കെട്ടി മണ്ണിട്ട് നിരപ്പാക്കി നിലത്ത് ഇഷ്ടിക വിരിക്കൽ, ചുറ്റും ഇരുമ്പ് നെറ്റ് കെട്ടൽ എന്നീ പണികൾ പൂർത്തിയായി. ഇനി വ്യായമത്തിന് ഉപയോഗിക്കുന്ന സാമഗ്രികൾ ഘടിപ്പിക്കുന്നതോടെ പദ്ധതി യഥാർത്ഥ്യമാകും. ഈ മാസവസാനം മണ്ഡലത്തിലെ ആദ്യത്തെ ഓപ്പൺ ജിം മന്ത്രി എം.ബി.രാജേഷ് നാടിന് സമർപ്പിക്കും.