water

കുടിവെള്ളക്ഷാമം നേരിടുന്നത് 41 കുടുംബങ്ങൾ

കിണറുകൾ നിർമ്മിച്ച് നൽകാമെന്ന ഉറപ്പ് പാഴ്വാക്കായി

 വെള്ളം സംഭരിക്കുന്നത് സമീപ വീടുകളിൽ നിന്ന്

മണ്ണാർക്കാട്: പ്രകൃതിക്ഷോഭത്താൽ ദുരിതത്തിലായതിനെ തുടർന്ന് പുനരധിവസിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങൾ കുടിവെള്ളമില്ലാതെ നരകിക്കുന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മുണ്ടക്കുന്ന് കോളനിയിൽ റീബിൽഡ് കേരള പദ്ധതി പ്രകാരം വീട് വച്ച് നൽകിയ 41 ആദിവാസി കുടുംബങ്ങളാണ് കുടിവെള്ളക്ഷാമം അനുഭവിക്കുന്നത്.
ഇവർക്കായി രണ്ട് കിണറുകൾ നിർമ്മിച്ച് നൽകാമെന്നും അതിനുള്ള ഫണ്ട് പാസായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞിട്ട് മാസങ്ങളായിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്ത് പൈപ്പ് ഉള്ളതിൽ രണ്ടാഴ്ചയിലൊരിക്കൽ മാത്രമേ വെള്ളം വരാറുള്ളൂ. അതും കുറച്ച് നേരത്തേക്ക് മാത്രം. വെള്ളം സംഭരിച്ചു വെയ്ക്കാൻ ടാങ്കോ മറ്റു സംവിധാനങ്ങളോ ഇവർക്കില്ല. സമീപത്തെ ആളുകളുടെ വീട്ടിൽ നിന്നാണ് ഇവർ ദൈനം ദിന ആവശ്യങ്ങൾക്കുള്ള വെള്ളം കൊണ്ടുവരുന്നത്. അതും അവരുടെ സൻമനസു കൊണ്ട് ലഭിക്കുന്നതാണെന്ന് ഇവർ പറയുന്നു. അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചതിൽ അധികൃതർക്ക് നന്ദി പറയുന്ന ഇവർ തങ്ങൾക്ക് ഒരു കിണറെങ്കിലും നിർമ്മിച്ച് തന്ന് കുടിവെള്ള സൗകര്യം കൂടി ഒരുക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വക്കുന്നത്.