toddy

ചിറ്റൂർ: ലൈസൻസികളുടെ തൊഴിലാളിവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ചിറ്റൂർ റേഞ്ചിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ചെത്ത് മദ്യവ്യവസായ തൊഴിലാളികളുടെ അനിശ്ചിതകാലസമരം നാലാം ദിവസത്തിലേക്ക്. റേഞ്ചിലെ 88 കള്ളുഷാപ്പുകളിൽ തൊഴിലാളി സമിതികൾ നടത്തുന്ന ഏതാനും ഗ്രൂപ്പുകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എച്ച്.എം.എസ്, എ.ഐ.ടി യു.സി എന്നീ സംഘടനകളാണ് സമര രംഗത്തുള്ളത്.

അബ്കാരി നിയമപ്രകാരം ഒരു കള്ള് ഷാപ്പ് പ്രവർത്തിക്കണമെങ്കിൽ കുറഞ്ഞത് 50 തെങ്ങും 5 ചെത്ത് തൊഴിലാളികളും വേണമെന്ന നിബന്ധനയുണ്ട്. ഷാപ്പുകളുടെ എലുകയിൽ തന്നെ ചെത്തണമെന്ന വ്യവസ്ഥയുണ്ട്. എന്നാൽ ഇതൊന്നും ചിറ്റൂരിലെ മിക്ക ഷാപ്പിലും പാലിക്കുന്നില്ല. ഒരു അംഗീകൃത തെങ്ങ് ചെത്തുതൊഴിലാളികളും ഇല്ലാതെ പ്രവർത്തിക്കുന്ന നിരവധി ഷാപ്പുകളും ചിറ്റൂർ മേഖലയിൽ ഉണ്ട്. പിരിഞ്ഞു പോകുന്ന തൊഴിലാളികൾക്കു പകരം തൊഴിലാളികൾ വേണ്ട എന്നതാണ് ലൈസൻസികളുടെ നിലപാട്.

അംഗീകൃത തൊഴിലാളികൾക്കുപകരം തമിഴ്നാട്ടിൽ നിന്നുള്ളവരെ ഉപയോഗിച്ച് പാണ്ടി ചെത്തിലാണ് ലൈസൻസികൾക്കു താല്പര്യം. ഇവർക്കാണെങ്കിൽ ഒരു ആനുകൂല്യവും നൽകേണ്ടതില്ല എന്നതാണ് ലൈസൻസികളെ ഇതിനു പ്രേരിപ്പിക്കുന്നത്. എക്‌സൈസ് വകുപ്പിന്റെ വൃക്ഷകരം അടയ്ക്കുന്ന അപേക്ഷയിലുള്ള ചെത്ത് തൊഴിലാളികൾ കടലാസിൽ മാത്രമായി ഒതുങ്ങുന്നു.സംസ്ഥാനത്തെ മിക്ക ജില്ലകളിലേക്കും കള്ള് കൊണ്ടു പോകുന്നത് ചിറ്റൂരിൽ നിന്നാണ് എന്നാൽ ഇവിടെ തെങ്ങിൽ നിന്ന് കള്ള് ചെത്തിയിറക്കാൻ തൊഴിലാളികൾ ആവശ്യമില്ല എന്ന നിലപാടിലാണ് മിക്ക ലൈസൻസികൾക്കും ഉള്ളതെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു.

കുറച്ചു വർഷം മുമ്പ് വരെ ഈ മേഖലയിൽ ആയിരത്തിലേറെ അംഗീകൃത ചെത്തുതൊഴിലാളികൾ ഉണ്ടായിരുന്നു. ഇന്നത് പകുതിയിലും താഴെ മാത്രമാണ്. എന്നാൽ ഇവിടെന്ന് കൊണ്ടുപോകുന്ന കള്ളിന്റെ അളവിൽ കുറവില്ല. ഇത് എക്‌സൈസ് വകുപ്പിനും സർക്കാറിനും അറിയാത്തതല്ല. അബ്കാരി നിയമം അനുസരിച്ച് മാത്രമേ ഷാപ്പുകൾ പ്രവർത്തിക്കാവു എന്ന് ഈ രംഗത്തു പ്രവർത്തിക്കുന്ന സംഘടനകൾ രേഖാമൂലം എക്‌സൈസ് വകുപ്പിന് പരാതി നൽകിയിട്ടുള്ളതാണ്. ചിറ്റൂർ റേഞ്ചിലെ സമരം നീണ്ടു പോകുകയാണെങ്കിൽ അത് മറ്റ് റേഞ്ചുകളിലേക്കും വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന.