400 ഏക്കറിൽ സ്ഥിതിചെയ്യുന്ന തിരുവിഴാംകുന്ന് ഗവേഷണ കേന്ദ്രം സർവകലാശാലയുടെ 20 കേന്ദ്രങ്ങളിൽ ഭൂവിസ്തൃതികൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ ക്യാമ്പസാണ്.
23 കോടിരൂപയുടെ പദ്ധതിയാണ് പ്രതിരോധ സംവിധാനങ്ങൾക്കായി സർവകലാശാലയ്ക്ക് സമർപ്പിച്ചിട്ടുള്ളത്.
പാലക്കാട്: കേരള വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിലുള്ള തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിലെ വന്യമൃഗശല്യം പ്രതിരോധിക്കാൻ ചുറ്റുമതിലും സൗരോർജ തൂക്കുവേലിയും സ്ഥാപിക്കാൻ പദ്ധതി. 23 കോടി രൂപയുടെ പദ്ധതിക്ക് പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് കന്നുകാലി ഗവേഷണകേന്ദ്രത്തിന്റെ എട്ടേക്കർ വിട്ടുകൊടുത്തതിന് ലഭിച്ച തുകയാണ് വിനിയോഗിക്കുക. അനുമതി ലഭിക്കുന്നപക്ഷം അടുത്തവർഷത്തോടെ ചുറ്റുമതിലും തൂക്കുവേലിയും പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് ഗവേഷണകേന്ദ്രം അധികൃതർ അറിയിച്ചു.
ഗവേഷണകേന്ദ്രത്തിൽ വന്യജീവികൾ കയറാതിരിക്കാൻ ഉയരത്തിൽ വേലി സ്ഥാപിക്കണമെന്ന ആവശ്യത്തെത്തുടർന്ന് സർവകലാശാലയുടെ ആനപഠനകേന്ദ്രം ഡയറക്ടർ ഡോ.ടി.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധസംഘം സ്ഥലംസന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കിടങ്ങും വൈദ്യുത തൂക്കുവേലിയും അടിയന്തരമായി സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. പദ്ധതി പിന്നീട് നീണ്ടുപോയി. ഗ്രീൻഫീൽഡ് പാതയുടെ ഭാഗമായി ഗവേഷണകേന്ദ്രത്തിലെ എട്ടേക്കർ ഏറ്റെടുത്തതോടെയാണ് പദ്ധതിക്ക് വീണ്ടും അനക്കംവെച്ചത്.
വന്യമൃഗ ശല്യം രൂക്ഷം
ആന, പുലി, പന്നി, കുരങ്ങ് ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വർഷങ്ങളായി ഫാമിനും പ്രദേശവാസികൾക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. പലഭാഗത്തും സംരക്ഷണവേലിയില്ല. വേലികൾ തകർന്ന ഭാഗങ്ങളിലൂടെയും കാട്ടാനകളുൾപ്പെടെ ഫാമിനകത്തേക്ക് എത്തുന്നുണ്ട്. സമീപത്തെ സൈലന്റ് വാലി മലനിരകളിൽ നിന്നാണ് വന്യമൃഗങ്ങൾ ഫാമിന് അതിരിട്ടൊഴുകുന്ന വെള്ളിയാർപുഴ മുറിച്ചു കടന്നെത്തുന്നത്. ഫാമിലെ 113 ഏക്കർ വനസമാനമായാണ് കിടക്കുന്നത്. ഇവിടെയുള്ള പനകളും കശുമാവുകളുമാണ് കാട്ടാനകളുടെ ലക്ഷ്യം. തൊഴിലാളികൾ അടിക്കാടുകൾ വെട്ടിമാറ്റാറുണ്ടെങ്കിലും ഒരു മഴ പെയ്യുന്നതോടെ വീണ്ടും കാടുപിടിക്കുന്ന ഇടംകൂടിയാണിത്. ഫാം ടൂറിസത്തിന് സാധ്യതകൾ ഏറെയുള്ള കന്നുകാലി ഗവേഷണകേന്ദ്രത്തിന് വന്യമൃഗശല്യം ഭീഷണിയാകുമെന്നത് കണക്കിലെടുത്തുമാണ് സംരക്ഷണവേലി സ്ഥാപിക്കാനുള്ള പദ്ധതി സമർപ്പിച്ചിട്ടുള്ളത്.