65,000 രൂപ വീതമാണ് വിപണി ഇടപെടലിനായി ഓരോ ചന്തയ്ക്കും പ്രഖ്യാപിച്ച സാമ്പത്തിക സഹായം

കൃഷിവകുപ്പ് നേരിട്ടുനടത്തുന്ന 1,076 ചന്തകളുണ്ടാകും.

പാലക്കാട്: പഴം, പച്ചക്കറി വിപണികളിൽ ഓണക്കാല വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാനത്ത് 1,576 കർഷകച്ചന്തകൾ തുറക്കാൻ സംസ്ഥാന സർക്കാർ. തദ്ദേശീയരായ പഴം, പച്ചക്കറി കൃഷിക്കാരുമായി ധാരണയുണ്ടാക്കാനും കർഷക ചന്തകൾക്ക് സ്ഥലങ്ങൾ കണ്ടെത്താനും ജില്ലാ കൃഷി ഓഫീസർമാർക്ക് നിർദേശം ലഭിച്ചു. കൃഷിവകുപ്പ് നേരിട്ടുനടത്തുന്ന 1,076 ചന്തകളുണ്ടാകും. ഇതിനുപുറമേ ഹോർട്ടികോർപ്പിന്റെ 350-ഉം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ) 150 വിപണികളുമാണ് തുറക്കുക. കൃഷിഭവൻതലത്തിലാണ് വിപണികൾ തുറക്കുക.
മുൻവർഷങ്ങളിൽ നടത്തിയ ചന്തകളിലേറെയും കെടുകാര്യസ്ഥതമൂലം വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ഈ സാഹചര്യത്തിൽ കർഷകക്കൂട്ടായ്മകൾ, സന്നദ്ധസംഘങ്ങൾ എന്നിവുമായി സഹകരിച്ച് മുന്നൊരുക്കത്തോടെയാകും ചന്തകൾ തുറക്കുകയെന്ന് കൃഷിവകുപ്പ് ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.

ജില്ലാ കൃഷി ഓഫീസർമാരാണ് പ്രാദേശികതലത്തിൽ നടപടികൾ ഏകോപിപ്പിക്കുക. ഇതിനായി 10.36 കോടി രൂപ ആദ്യഘട്ടത്തിൽ നീക്കിവെച്ചിട്ടുണ്ട്.

30 ശതമാനംവരെ വിലക്കുറവ്

പൊതുവിപണിയിലെ വിലയേക്കാൾ 10 ശതമാനംവരെ കൂട്ടി സംസ്ഥാനത്തെ കർഷകരിൽനിന്ന് കൃഷിവകുപ്പ് ചന്തയിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും വാങ്ങുന്ന രീതിയാണ് നിലവിലുള്ളത്. വാങ്ങാനെത്തുന്നവർക്ക് വിപണി വിലയേക്കാൾ പരമാവധി 30 ശതമാനംവരെ കുറച്ചു വിൽക്കുകയും ചെയ്യും. നാടൻപഴങ്ങളും പച്ചക്കറികളുമാണ് ഈ രീതിയിൽ വിപണനം നടത്തുന്നത്.