ആലത്തൂർ: മൈലാഞ്ചി മണം പടർത്തി കുനിശ്ശേരി എസ്.ആർ യു.പി സ്കൂളിൽ മെഹന്തി ഫെസ്റ്റ് നടത്തി. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരും മറ്റു ജീവനക്കാരും ചേർന്നത് ഫെസ്റ്റിന് വർണപ്പകിട്ടേകി. ആൺകുട്ടികളും പെൺകുട്ടികളുമടക്കം ഇരുനൂറോളം പേർ മെഹന്തി മത്സരത്തിൽ പങ്കെടുത്തു. അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് വിദ്യാർത്ഥികൾക്ക് കൈകളിൽ മൈലാഞ്ചി കൊണ്ട് വിവിധ ഡിസൈനുകളിലുള്ള ചിത്രങ്ങൾ ചാലിച്ച് നൽകി. പ്രധാന അദ്ധ്യാപിക എൻ.പി.ലിസി, അദ്ധ്യാപകരായ ഫൈറോസ, രാധിക എന്നിവർ മെഹന്തി ഫെസ്റ്റിന് നേതൃത്വം നൽകി.