പാലക്കാട്: സംസ്ഥാന ടൂറിസം വകുപ്പിന്റെ മലബാർ ലിറ്റററി സർക്യൂട്ട് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പാലക്കാട് ജില്ലയിൽ ആറുകേന്ദ്രങ്ങളുണ്ടാകും. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സുപ്രധാന സാഹിത്യ, സാംസ്‌കാരിക കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതിയാണ് മലബാർ ലിറ്റററി സർക്യൂട്ട്. സാഹിത്യകാരൻമാരുടെ സ്മരണ നിലനിർത്തുക, എഴുത്തിടങ്ങളെ പരിചയപ്പെടാൻ വിനോദസഞ്ചാരികൾക്കും സാഹിത്യകാരൻമാർക്കും വഴിയൊരുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ബഷീർ സ്മരണ നിലനിൽക്കുന്ന ബേപ്പൂരിൽ നിന്ന് തുടങ്ങുന്ന സഞ്ചാരപഥം അവസാനിക്കുന്നത് ഒ.വി.വിജയന്റെ സ്മാരകമുള്ള പാലക്കാട് തസ്രാക്കിലാണ്. ഇതിനിടയിൽ കുമരനല്ലൂർ (അക്കിത്തം), മേഴത്തൂർ (വി.ടി), ലക്കിടി (കുഞ്ചൻനമ്പ്യാർ), കൊല്ലങ്കോട് (പി.കുഞ്ഞിരാമൻനായർ), ചിറ്റൂർ (തുഞ്ചത്തെഴുത്തച്ഛൻ) എന്നീ സാഹിത്യ സ്മൃതി കേന്ദ്രങ്ങളെ ബന്ധപ്പെടുത്തും. 50 കോടി രൂപ ചെലവിലാണ് മലബാർ ലിറ്റററി സർക്യൂട്ട് നടപ്പാക്കുന്നത്.
ബേപ്പൂരിൽ നിന്ന് കോഴിക്കോട്, തിരൂർ, പൊന്നാനി വഴിയാണ് പാലക്കാട്ടേക്കുള്ള പ്രവേശനം. അതതുകേന്ദ്രങ്ങളിൽ സാഹിത്യകാരൻമാരുടെ ജീവചരിത്ര പ്രദർശനം, ഗവേഷണ പഠനകേന്ദ്രം തുടങ്ങിയവ ഒരുക്കിക്കൊണ്ടാണ് പദ്ധതി പൂർത്തിയാക്കുക. ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ ഗർഭഗൃഹം എന്നുവിശേഷിപ്പിക്കുന്ന തസ്രാക്കിലെ സ്മാരകത്തിൽ പദ്ധതിയുടെ ഭാഗമായി അഞ്ചുകോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. ഇതിനായി ഒരേക്കർ വാങ്ങും. ഇവിടെ പ്രദർശന ഹാളും ഗവേഷണകേന്ദ്രവുമൊരുക്കും.
ഒരേക്കറിൽ എഴുത്തുഗ്രാമം
ഒ.വി.വിജയൻ സ്മാരക കേന്ദ്രത്തിന്റെ ഭാഗമായി ഒരേക്കറിൽ എഴുത്തുഗ്രാമത്തിന്റെ നിർമ്മാണം പുനരാരംഭിക്കും. അഞ്ചുകോടി രൂപയുടെ ഈ പദ്ധതി ചില സാങ്കേതിക തടസങ്ങളിൽ മുടങ്ങിക്കിടക്കുകയായിരുന്നു. എഴുത്തുകാർക്ക് താമസിക്കാനുള്ള എട്ട് കോട്ടേജുകളും അഞ്ച് തുറന്ന കൂടാരങ്ങളും 40 പേർക്ക് താമസിക്കാൻ കഴിയുന്ന ഡോർമെറ്ററിയും ഈ വർഷം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ കൂമൻകാവുമുതൽ ഞാറ്റുപുരവരെയുള്ള ഒന്നേകാൽ കിലോമീറ്റർ റോഡ് ഒരുകോടി രൂപ ചെലവിൽ വീതികൂട്ടി നവീകരിക്കാനും പദ്ധതി തയ്യാറായിട്ടുണ്ട്.