പട്ടാമ്പി: ഷൊർണൂരിൽ നിന്നുള്ള അവസാന ട്രെയിൻ 20 മിനിറ്റ് വൈകി പുറപ്പെട്ടെങ്കിൽ എന്നാഗ്രഹിക്കുന്നവരാണ് ജോലിക്കാർ ഉൾപ്പെടെ നിലമ്പൂരിലേക്കുള്ള ആയിരക്കണക്കിന് യാത്രക്കാർ. കാരണം 20 മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഇവരിലേറെപ്പേർക്കും നാട്ടിലേക്കുള്ള അവസാന ട്രെയിൻ നഷ്ടപ്പെടുന്നത്.
നിലവിൽ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ പുറപ്പെടുന്നത് രാത്രി 8.10 നാണ്. ഇതിനു ശേഷം വിവിധ ട്രെയിനുകളിൽ ഷൊർണൂരിൽ എത്തുന്ന ഒട്ടേറെ പേർ നിലമ്പൂർ ഭാഗത്തേക്ക് തുടർയാത്രാ സൗകര്യമില്ലാതെ പ്രയാസ പ്പെടുകയാണ്.
ആലപ്പുഴയിൽ നിന്നു വരുന്ന കണ്ണൂർ എക്സ്പ്രസിൽ ഷൊർണൂരിൽ ഇറങ്ങുന്ന യാത്രക്കാരിൽ ഭൂരിഭാഗവും നിലമ്പൂരിലേക്കു പോകേണ്ടവരാണ്. തിരുവനന്തപുരത്ത് നിന്ന് കേരള എക്സ്പ്രസിലെ യാത്രക്കാർ ട്രെയിൻ മാറിക്കയറി കണ്ണൂർ എക്സ്പ്രസിലാണ് ഷൊർണൂരിൽ എത്തുന്നത്. പാലക്കാട് ഭാഗത്തേക്കുള്ള ട്രെയിനുകൾക്കൊന്നും ഈ സമയം ഷൊർണൂരിൽ സ്‌റ്റോപ്പ് ഇല്ലാത്തതാണു കാരണം.
യാത്രക്കാരുടെ ദുരിതം നേരിട്ടു കാണുന്നതിനാലും വിവിധ സംഘടനകളും വ്യക്തികളും ശ്രദ്ധയിൽ പെടുത്തിയതിന്റെ അടിസ്ഥാനത്തിലും പലപ്പോഴും കണ്ണൂർ ട്രെയിൻ എത്തിയ ശേഷമാണ് നിലമ്പൂർ ട്രെയിൻ പുറപ്പെടുന്നത്. എന്നാൽ, കൃത്യമായ സമയ ക്രമീകരണം ഇല്ലാത്തതിനാൽ ചില ദിവസങ്ങളിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ നിലമ്പൂർ ട്രെയിൻ പുറപ്പെടും. കഴിഞ്ഞ ദിവസം ട്രെയിൻ കിട്ടാതെ പ്രായം ചെന്നവരും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിനു യാത്രക്കാർ കനത്ത മഴയിൽ ഏറെ പ്രയാസപ്പെട്ടിരുന്നു. ഔദ്യോഗികമായി റെയിൽവേ ടൈംടേബിൾ പ്രകാരം നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ സമയം 8.30 ആക്കി ക്രമീകരിച്ചാൽ അത് ഒട്ടേറെ പേർക്ക് ആശ്വാസമാകും.
ആറാം പ്ലാറ്റ്‌ഫോമിൽ എത്തുന്ന കണ്ണൂർ എക്സ്പ്രസിൽ നിന്ന് ഇറങ്ങി, വളരെ കുറഞ്ഞ സമയം കൊണ്ട് ഒന്നാം പ്ലാറ്റ്‌ഫോമിലെത്തി നിലമ്പൂർ ട്രെയിനിൽ കയറാനും യാത്രക്കാർ ബുദ്ധിമുട്ടുന്നു. ഇങ്ങനെ യാത്ര മുടങ്ങുന്ന ഒട്ടേറെപ്പേരുണ്ട്. ഇക്കാര്യത്തിനും അടിയന്തര പരിഹാരം വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.