mb-rajesh
എൻലൈറ്റ് തൃത്താല പദ്ധതിയുടെ ഭാഗമായി മികച്ച വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കുമുള്ള പുരസ്‌കാര വിതരണച്ചടങ്ങ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

തൃത്താല: പരീക്ഷയ്ക്ക് എല്ലാ വിഷയത്തിലും എപ്ലസ് വാങ്ങികൊടുക്കുക മാത്രമല്ല മറിച്ച് എല്ലാ മേഖലയിലും സമഗ്ര പരിശീലനമാണ് എൻലൈറ്റ് തൃത്താല പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തൃത്താല മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ കുട്ടികളെയും 100 ശതമാനം റിസൾട്ട് നേടിയ വിദ്യാലയങ്ങളെയും ആദരിക്കുന്ന പരിപാടി വാവന്നൂർ ഗാമിയോ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നീന്തൽ പരിശീലനം, സൈക്ലിംഗ്, കരിയർ ഗൈഡൻസ്, ഉപരിപഠന സഹായം, രക്ഷിതാക്കൾക്ക് പരിശീലനം തുടങ്ങിയവ പദ്ധതിക്ക് കീഴിലുണ്ട്. തൃത്താല മണ്ഡലത്തിലെ 15 വിദ്യാലയങ്ങളിൽ 12 വിദ്യാലയങ്ങളും 100 ശതമാനം വിജയം നേടി.

മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് മുഖ്യാതിഥിയായി. അമേരിക്കയിലെ ക്ലംസൻ യൂണിവേഴ്സിറ്റി പ്രൊഫസറും ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സംഘടനയായ ക്രേപ് സൊസൈറ്റിയുടെ ചെയർപേഴ്സണുമായ ഡോ.ശ്രുതി കുട്ടികളെ അഭിസംബോധന ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി.റജീന അദ്ധ്യക്ഷയായി. എൻലൈറ്റ് കോർഡിനേറ്റർ ഡോ.കെ.രാമചന്ദ്രൻ, എൻലൈറ്റ് തൃത്താല പദ്ധതി നിർവാഹക സമിതി അംഗം കെ.സി.അലി ഇഖ്ബാൽ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.