1.17 ലക്ഷം മെട്രിക് ടൺ നെല്ലാണ് രണ്ടാംവിളയിൽ സപ്ലൈകോ സംഭരിച്ചത്.
ആലത്തൂർ താലൂക്കിൽ നിന്ന് 40,177.17 മെട്രിക് ടണ്ണും ചിറ്റൂർ താലൂക്കിൽ നിന്ന് 29,102.36 മെട്രിക് ടണ്ണും പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിൽ നിന്ന് ആകെ 48,571.69 മെട്രിക് ടണ്ണുമാണ് സംഭരിച്ചത്.
പാലക്കാട്: നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തുക ലഭിക്കാതെ ആയിരക്കണക്കിന് കർഷകർ ദുരിതത്തിൽ. ജില്ലയിലെ 20,000 ഓളം കർഷകരാണ് പണം കിട്ടാതെ വലയുന്നത്. പേര് രജിസ്റ്റർ ചെയ്ത 62,243 കർഷകരിൽ നിന്ന് 56,983 പേരുടെ രജിസ്ട്രേഷനാണ് അംഗീകാരം നൽകിയത്. ആലത്തൂരിൽ നിന്ന് 20,605 ഉം ചിറ്റൂരിൽ നിന്ന് 12,122 ഉം പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി എന്നിവിടങ്ങളിൽനിന്ന് 24,256 കർഷകരുടെ നെല്ലും സപ്ലൈകോ സംഭരിച്ചു. ഇതിൽ 36,261 കർഷകരുടെ അക്കൗണ്ടിലേക്ക് ജൂൺ 13ഓടെ പണമെത്തി. 20,722 കർഷകരുടെ പട്ടിക ഇനിയും നൽകാനുണ്ട്. സംഭരിച്ച് 15 ദിവസത്തിനകം നെല്ലിന്റെ വില കർഷകർക്ക് വിതരണം ചെയ്യുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. പക്ഷേ, ഇപ്പോഴും 20,000 ലധികം കർഷകർ പണം ലഭിക്കാതെ ഏറെ കഷ്ടപ്പെടുകയാണ്. നെല്ല് സംഭരണം കഴിഞ്ഞ് മാസങ്ങൾ പിന്നിടുകയും ഒന്നാംവിള കൃഷി പണികൾ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ പൈസയില്ലാതെ കർഷകർ നെട്ടോട്ടത്തിലാണ്.
പ്രതിഷേധവുമായി കർഷകർ
നെല്ല് സപ്ലൈകോയ്ക്ക് നൽകി എട്ട് മാസമായിട്ടും പണം ലഭിക്കാത്തതിനാൽ സഹികെട്ട കർഷകർ പ്രതിഷേധം ശക്തമാക്കുകയാണ്. കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി, മാത്തൂർ മേഖലകളിലെ കർഷകരാണ് സ്റ്റേറ്റ് ബാങ്ക് കോട്ടായി ശാഖ, കനറ ബാങ്ക് കോട്ടായി ശാഖ എന്നിവിടങ്ങളിൽ മാനേജർമാരെ കണ്ടത്. നെല്ല് നൽകിയതിന്റെ പി.ആർ.എസ് ലഭിച്ച് മാസങ്ങളായിട്ടും പണം ലഭിക്കാത്തതാണ് കർഷകരെ ക്ഷുഭിതരാക്കിയത്. സപ്ലൈകോയിൽ അന്വേഷിച്ചാൽ പണം അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് പറയും. ബാങ്കിൽ ചോദിച്ചാൽ എത്തിയിട്ടില്ലെന്ന് പറയും.
ബാങ്കിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോൾ നൂറുകണക്കിന് കർഷകരുടെ അക്കൗണ്ട് ക്ലിയറൻസ് നടത്താനുണ്ടെന്നും ഒരു ദിവസം പരമാവധി 30 പേരുടെ മാത്രമേ ശരിയാക്കാൻ സാധിക്കുന്നുള്ളൂ എന്നും വ്യക്തമായത്. എത്രയും പെട്ടെന്ന് പൈസ ലഭിക്കാൻ നടപടിയെടുക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.