
കാലവർഷം ഒരാഴ്ച കൂടി തുടരും
ജില്ലയിൽ 33 ശതമാനത്തിന്റെ മഴ കുറവ്
പാലക്കാട്: തിരിമുറിയാതെ മഴ പെയ്യുന്ന തിരുവാതിര ഞാറ്റുവേലക്ക് തുടക്കമായി. വെള്ളിയാഴ്ച ആരംഭിച്ച ഞാറ്റുവേലയുടെ വരവിനൊപ്പം തരക്കേടില്ലാതെ മഴ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ജില്ലയിലെ കർഷകർ. കഴിഞ്ഞ ദിവസം ശക്തിപ്രാപിച്ച കാലവർഷം ഒരാഴ്ച കൂടി തുടരും. ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ ജൂൺ ഒന്ന് മുതൽ 25 വരെ പെയ്ത മഴയിൽ 33 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് 37 ശതമാനം കുറവുണ്ട്. ജില്ലയിൽ 371.1 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്ത് 247.4 മില്ലി മീറ്റർ മഴയാണ് പെയ്തത്.
കേരളത്തിൽ ഒരു ജില്ലയിലും ശരാശരി മഴ പെയ്തിട്ടില്ല. വയനാടാണ് ഏറ്റുവും കുറവ് മഴ പെയ്തിട്ടുള്ളത്, ഇവിടെ 56 % മാണ് മഴക്കുറവ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കാസർകോട്, കോഴിക്കോട് എന്നീ ജില്ലകളിൽ മഴക്കുറവ് 40 %ത്തിന് മുകളിലാണ്.
തിരുവാതിര ഞാറ്റുവേലയിലാണ് വിളവ് ഇറക്കുന്ന സമയം. ഏത് തരത്തിലുള്ള തൈകളും ചെടികളും നടാൻ പറ്റിയ സമയമാണിത്. വിത്തുകൾ വിതയ്ക്കാനും നടാനും പറിച്ചുമാറ്റി നടാനും പറ്റിയ സമയം. തെങ്ങ്, മാവ്, പ്ലാവ് മുതലായ ഫല വൃക്ഷത്തൈകളും ചെടികളും കുരുമുളക് മുതലായ കാർഷിക വിളകളും നടാനും മാറ്റി നടാനും പറ്റിയ സമയമാണിത്. ഞാറ്റുവേലയിൽ നടുന്നവയെല്ലാം നന്നായി തഴച്ചുവളരുമെന്നാണ് പറയുന്നത്.
അതേസമയം ഞാറ്റുവേലയിൽ മഴ കുറഞ്ഞത് കാർഷിക മേഖലയെ സാരമായി ബാധിക്കുമെന്ന് കർഷകർ പറയുന്നു.
മലയോര മേഖലയിൽ നേരത്തേ മഴ കുറഞ്ഞത് കുരുമുളക് കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. കുരുമുളക്, ഇഞ്ചി തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നവർ മഴ ശക്തമായതിൽ സന്തോഷിക്കുകയാണ്. ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ മലയോര കർഷകരെ ഭീതിയിലാഴ്ത്തുന്നുമുണ്ട്.
വളമിടാൻ മടിച്ച് കർഷകർ
ഇടവപ്പാതിക്കുശേഷം തിരുവാതിര ഞാറ്റുവേല തുടങ്ങുന്നതോടെയാണ് തെങ്ങിന് തടമെടുക്കുന്നതും വളമിടുന്നതുമെല്ലാം. മഴ കുറഞ്ഞത് കാരണം ഇത്തവണ വളമിടാൻ കർഷകർ താത്പര്യമെടുത്തിരുന്നില്ല. ഇത് ഉത്പാദനത്തെ സാരമായി ബാധിക്കുമെന്നാണ് സൂചന. വരും ദിവസങ്ങളിൽ നല്ല മഴ ലഭിച്ചാൽ കാര്യങ്ങൾ അനുകൂലമാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.