പത്തിരിപ്പാല: ഉദ്ഘാടനം കഴിഞ്ഞ് വർഷം നാലായിട്ടും തുറന്ന് പ്രവർത്തിക്കാനാകാതെ മങ്കര പഞ്ചായത്തിലെ കാളികാവ് വാതകശ്മശാനം. പഞ്ചായത്ത് ഭരണസമിതി വാതകശ്മശാനം യാഥാർത്ഥ്യമാക്കാനായി കളക്ടർക്കു നിവേദനം നൽകി കാത്തിരിക്കാൻ തുടങ്ങി ഒരു വർഷമായി.

മങ്കര പഞ്ചായത്തിൽ നിന്നും ദിനംപ്രതി എത്തുന്ന നിരവധി മൃതദേഹങ്ങൾ ഇപ്പോൾ പുറത്താണ് ദഹിപ്പിക്കുന്നത്.

ലൈസൻസില്ലാത്തതാണ് പ്രവർത്തനം നീളുന്നത്. പ്രവർത്തനം നീണ്ടുപോകുന്നതിനാൽ ലക്ഷങ്ങൾ ചിലവാക്കി നിർമിച്ച കെട്ടിടവും അതിനകത്തുള്ള യന്ത്രങ്ങളും തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയുണ്ട്. ലൈസൻസ് ലഭിക്കാനുള്ള തുടർ നടപടികളുമായി ഭരണസമിതി മുന്നോട്ട് പോകുമെന്ന് മങ്കര പഞ്ചായത്ത് ഭരണസമിതി പറഞ്ഞു.

ഉദ്ഘാടനത്തിൽ ഒതുങ്ങി

 മുൻ എം.എൽ.എ കെ.വി.വിജയദാസിന്റെ 2016-17 വർഷത്തെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് ഭാരതപ്പുഴയോരത്താണ് വാതക ശ്മശാനത്തിനായി കെട്ടിടം നിർമ്മിച്ചത്.

 2020ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പ് മുൻഭരണസമിതി 2020 സെപ്തംബർ 22ന് ഉദ്ഘാടനം നടത്തി.

 എന്നാൽ, ഇതുവരെയും ഒരു മൃതദേഹം പോലും വാതക ശ്മശാനത്തിൽ സംസ്‌കരിക്കാൻ കഴിഞ്ഞിട്ടില്ല.

 ലൈസൻസ് അടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കാതെ നിർമ്മാണം പൂർത്തീകരിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

 റോഡും നവീകരിക്കണം

ശ്മശാനത്തിലേക്കു പോകുന്ന റോഡിന്റെ അവസ്ഥയും വളരെ ശോചനീയമാണ്. വീതി കുറഞ്ഞ റോഡ് കാടുമൂടിക്കിടക്കുകയാണ്. ടാറിംഗ് പൂർത്തിയാക്കാത്തതിനാൽ ഇതുവഴിയുള്ള യാത്ര ദുസഹമാണ്. ശ്മശാനത്തിലേക്കു കയറുന്ന ഭാഗത്തെ സ്ലാബിനു വീതി കുറവായതിനാൽ പലപ്പോഴും മൃതദേഹവുമായി വരുന്ന ആംബുലൻസുകൾ പ്രധാന റോഡിൽ നിർത്തിയിടുകയാണ് പതിവ്. മഴ ആരംഭിച്ചതോടെ തകർന്ന റോഡിലൂടെ മൃതദേഹം ചുമന്നാണു കൊണ്ടു പോകുന്നത്. റോഡ് നവീകരിച്ചു വഴിയിലെ സ്ലാബിന്റെ വീതി വർദ്ധിപ്പിച്ചാലേ യാത്രാദുരിതം പരിഹരിക്കാൻ കഴിയൂ.

ജനറേറ്ററോ ലൈസൻസോ പോലും ലഭിക്കാതെയാണ് അന്ന് ഉദ്ഘാടനം നടത്തിയത്. പുതിയ ഭരണസമിതി വാതകശ്മശാനം പ്രവർത്തിപ്പിക്കാൻ നടപടിയെടുത്തിരുന്നു. പദ്ധതി പ്രവർത്തനങ്ങൾക്കായി ജനറേറ്റർ സ്ഥാപിച്ചു. വാതക ശ്മശാനം പ്രവർത്തിക്കാൻ ലൈസൻസിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് ഫയലുകൾ കളക്ടറുടെ മുന്നിലെത്തിക്കുകയും ചെയ്തു. എന്നാൽ ഒരു വർഷം പിന്നിട്ടെങ്കിലും ഫയലുകൾ ചുവപ്പുനാടയിൽ കുരുങ്ങി കിടപ്പാണ്.

എം.എൻ.ഗോകുൽദാസ്,

മങ്കര പഞ്ചായത്ത് പ്രസിഡന്റ്