
പാലക്കാട് ജില്ലയിൽ വാഹനാപകടത്തിൽപ്പെടുന്നവർക്ക് ഉൾപ്പെടെ അടിയന്തര ജീവൻരക്ഷാ ചികിത്സ ലഭ്യമാക്കാനുള്ള ട്രോമ കെയർ സംവിധാനങ്ങളുടെ അപര്യാപ്തത ദുരിതമാകുന്നു. ദേശീയപാതയിൽ വാഹനാപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുമ്പോഴും മതിയായ ചികിത്സ സൗകര്യങ്ങൾ ഒരുക്കാൻ ഭരണകൂടം തയാറാകാത്തത് ഗുരുതര വീഴ്ചയാണ്. അപകടങ്ങൾക്ക് റോഡിന്റെ പോരായ്മകളോ വാഹനങ്ങളുടെ അമിതവേഗതയോ കാരണമാണ്. അതുപോലെ അപകടമരണങ്ങൾ വർദ്ധിക്കാനുള്ള കാരണങ്ങളിൽ പ്രധാനമാണ് മതിയായ സമയത്ത് അടിയന്തര ചികിത്സ കിട്ടാത്ത സാഹചര്യം. 2019 മുതൽ ഈ വർഷം ഇതുവരെ ജില്ലയിൽ 7,899 വഹാനാപകടങ്ങളാണു റിപ്പോർട്ട് ചെയ്തത്. 1,245 പേർ മരിച്ചു. 7,736 പേർക്കു പരിക്കേറ്റു. ഇതിൽ 2,427 പേരുടെ നില ഗുരുതരമായിരുന്നു.
നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ പരിമിതമായ സൗകര്യങ്ങളോടെ പേരിന് മാത്രമാണ് ഒരു ട്രോമാ കെയർ യൂണിറ്റ് പ്രവർത്തിക്കുന്നത്. ജില്ലാ ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റിൽ ആവശ്യത്തിന് ജീവനക്കാരും സൗകര്യങ്ങളുമില്ല. ആംബുലൻസുകളുടെ കുറവും തിരിച്ചടിയാണ്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുള്ള ഡോക്ടർമാരും നഴ്സുമാരുമാണ് ട്രോമ കെയറിലും എത്തേണ്ടത്. ട്രോമ കെയർ യൂണിറ്റിൽ ന്യൂറോ, ട്രോമ, ഓർത്തോപീഡിക് സർജന്മാരും ന്യൂറോളജിസ്റ്റ്, കാർഡിയോളജിസ്റ്റ്, റേഡിയോളജിസ്റ്റ് എന്നിവരും നഴ്സുമാരും ഉൾപ്പെടെ ജീവനക്കാരുടെ സേവനം 24 മണിക്കൂറും വേണം. പരിശോധന മുറി, ശസ്ത്രക്രിയ മുറി, ലബോറട്ടറി, ബ്ലഡ് ബാങ്ക്, ഫാർമസി, ആംബുലൻസ് എന്നിവയും വേണം. പക്ഷേ, ഇതൊന്നും ഇവിടെയില്ല. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മറ്റെവിടെയും ട്രോമ കെയർ യൂണിറ്റില്ല. സ്വകാര്യ ആശുപത്രികളിൽ നാലിടത്ത് മാത്രമാണു യൂണിറ്റുള്ളത്.
മെഡിക്കൽ കോളേജിലെ
യൂണിറ്റ് കടലാസിലുറങ്ങുന്നു
പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ ട്രോമ കെയറും പ്രവർത്തനം തുടങ്ങാതെ 'പദ്ധതി' മാത്രമായി ഒതുങ്ങി. ദേശീയപാതയോട് ഏറ്റവും അടുത്തുള്ള കേരളത്തിലെ ഏക മെഡിക്കൽ കോളേജാണു പാലക്കാട് ഗവ. മെഡിക്കൽ കോളേജ്. എയിംസുകളോട് ഒപ്പമെത്തുന്ന ട്രോമ കെയർ ആൻഡ് എമർജൻസി മെഡിക്കൽ സംവിധാനമാണ് ഇവിടെ വിഭാവനം ചെയ്തിരുന്നത്. കൃത്യമായ രീതിയിൽ ആസൂത്രണം ചെയ്തു നടപ്പാക്കിയിരുന്നുവെങ്കിൽ കേരളത്തിന്റെ അഭിമാനമാകേണ്ട പദ്ധതിയാണ് ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കുന്നത്. മെഡിക്കൽ കോളേജിൽ അതിവിശാലമായ കെട്ടിട സൗകര്യമുണ്ട്. എയിംസ് ജോധ്പുരിന്റെ പദ്ധതി തയാറാക്കിയ വിദഗ്ദ്ധസംഘമാണ് പാലക്കാട് മെഡിക്കൽ കോളേജിന് വേണ്ടിയും പദ്ധതി രൂപകല്പന ചെയ്തത്. ട്രോമ കെയർ സംവിധാനം, എമർജൻസി മെഡിസിൻ എന്നിവയും ഓപ്പറേഷൻ തിയറ്ററുകളും പദ്ധതിയിൽ വിഭാവനം ചെയ്യുന്നു. ചുവപ്പ്, മഞ്ഞ, പച്ച എന്നീ വിഭാഗങ്ങളാക്കിയാണു ചികിത്സയുടെ മുൻഗണന നിശ്ചയിച്ചിരുന്നത്. ഗർഭിണികൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേകം ട്രോമ കെയർ ആൻഡ് എമർജൻസി മെഡിസിൻ സംവിധാനങ്ങളും പദ്ധതിയിൽ പ്രത്യേകം വിഭാവനം ചെയ്തിരുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്ന രോഗികളാൽ ഡോക്ടർ കൊല്ലപ്പെടുന്ന സാഹചര്യം പോലും ചിലയിടങ്ങളിൽ ഉണ്ടായ പശ്ചാത്തലത്തിൽ അത്തരം രോഗികൾക്കായി പ്രത്യേക സുരക്ഷാ സംവിധാനവും പദ്ധതിയിലുണ്ട്. പക്ഷേ, നാളിതുവരെയായി ഇതിന്റെ ആദ്യപടിപോലും ആരംഭിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് ദുഃഖകരമായ യാഥാർത്ഥ്യം.
പ്രധാനം സുവർണ മണിക്കൂറുകൾ
വാളയാർ - വടക്കഞ്ചേരി, പാലക്കാട് - കോഴിക്കോട് ദേശീയപാതകളിൽ ഉൾപ്പെടെ സംഭവിക്കുന്ന അപകടങ്ങളിൽ പരിക്കേൽക്കുന്നവരെ ജില്ലാ ആശുപത്രിയിലാണ് ആദ്യമെത്തിക്കുക. ഗുരുതര പരിക്കേറ്റ നിലയിൽ ആഴ്ചയിൽ ശരാശരി എഴുപതിലേറെ പേരെ ഇവിടെ എത്തിക്കാറുണ്ട്. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്ക് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ട്രോമ കെയർ യൂണിറ്റുണ്ടെങ്കിൽ പരമാവധി ചികിത്സ പാലക്കാട്ടു തന്നെ ലഭ്യമാക്കാനാകും. പാമ്പ് കടിയേറ്റവർ, വിഷം ഉള്ളിൽച്ചെന്നവർ, പൊള്ളലേറ്റവർ, ഹൃദയാഘാതം സംഭവിച്ചവർ എന്നിവർക്കും ജീവൻരക്ഷാ ചികിത്സ നൽകുന്നത് ട്രോമ കെയറിലാണ്. അത്തരത്തിൽ ആഴ്ചയിൽ ശരാശരി നാൽപതിലേറെ സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അപകടത്തിൽപ്പെട്ട വ്യക്തിക്ക് ആദ്യത്തെ ഒരു മണിക്കൂറിൽ നൽകുന്ന ചികിത്സ മരണത്തിൽ നിന്നു രക്ഷിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. സുവർണ മണിക്കൂർ എന്നാണ് ഈ സമയത്തെ പറയുക. അപകടത്തിൽപെട്ടവരെ വാഹനത്തിൽ നിന്നു എടുക്കുന്നതു മുതൽ ആശുപത്രികളിൽ എത്തിക്കുന്നതു വരെയുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതിന് ആശുപത്രി ജീവനക്കാരോ അല്ലെങ്കിൽ പ്രത്യേകം പരിശീലനം ലഭിച്ചവരോ വേണം. പ്രാഥമിക ചികിത്സാ സൗകര്യമുള്ള ആംബുലൻസും വേണം. ആശുപത്രിയിലെത്തിച്ചാൽ ന്യൂറോ സർജൻ ഉൾപ്പെടെ വിദഗ്ധരുടെ ചികിത്സയും വേണം. ട്രോമ കെയർ യൂണിറ്റിൽ ഇതെല്ലാമുണ്ടാകും.
ജില്ലയിൽ 220 സ്ഥിരം അപകടമേഖലകൾ
വാളയാർ - വടക്കഞ്ചേരി, പാലക്കാട് - കോഴിക്കോട് ദേശീയപാതകളിലെ 55 ഇടങ്ങൾ ഉൾപ്പെടെ ജില്ലയിൽ 220 സ്ഥിരം അപകട മേഖലകളുണ്ടെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. വാളയർ - വടക്കഞ്ചേരി ദേശീയപാതയിലെ മാൻപാർക്ക്, പതിനാലാംകല്ല്, ആലാമരം, പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് മുൻവശം, കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനു മുൻവശം, സത്രപ്പടി, കഞ്ചിക്കോട് ഐ.ടി.ഐ മുൻവശം, കുരുടിക്കാട്, പുതുശ്ശേരി, മരുതറോഡ്, കാഴ്ചപറമ്പ്, വടക്കുമുറി, കണ്ണനൂർ, വെള്ളപ്പാറ, ചിതലി ജംഗ്ഷൻ, കുഴൽമന്ദം, എരിമയൂരിലെ തോട്ടുപാലം, സ്വാതി ജംക്ഷൻ, നെല്ലിയാകുന്നം, ഇരട്ടക്കുളം, അണക്കപ്പാറ, അഞ്ചു മൂർത്തി മംഗലം, മംഗലംപാലം, റോയൽ ജംക്ഷൻ, പന്തലാംപാടം, വാണിയംപാറ എന്നിവയാണു സ്ഥിരം അപകട മേഖല.
പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ മണലി ജംഗ്ഷൻ, കൊപ്പം ജംഗ്ഷൻ, പലാൽ ജംഗ്ഷൻ, ഒലവക്കോട്, പുതുപ്പരിയാരം, പൊരിയാനി, വേലിക്കാട്, കാഞ്ഞിക്കുളം, കല്ലടിക്കോട്ടെ ചുങ്കം, കല്ലടിക്കോട് മാപ്പിള സ്‌കൂൾ, തുപ്പനാട്, പനയംപാടം, ഇടക്കുറിശ്ശി, മുല്ലത്തുപാറ, തച്ചമ്പാറ, ചൂരിയോട്, ചിറക്കൽപ്പടി, വിയ്യക്കുറിശ്ശി, നൊട്ടമല, മണ്ണാർക്കാട് ടൗൺ, കോടതിപ്പടി, കുന്തിപ്പുഴ, എം.ഇ.എസ് കോളേജ്, കുമരപുത്തൂർ, വട്ടമ്പലം, ആര്യമ്പാവ്, കൊടക്കാട് ജംഗ്ഷൻ, 55-ാം മൈൽ, നാട്ടുകൽ, തൊടുകാപ്പ് എന്നിവയുൾപ്പെടെ 220 സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട് മോട്ടോർവാഹനവകുപ്പ്.
സന്നദ്ധ സംഘടനകൾക്ക്
അനുമതി നിഷേധിച്ച് എൻഎച്ച് അതോറിട്ടി
വാളയാർ - മണ്ണൂത്തി ദേശീയപാതയിൽ ട്രോമ കെയർ യൂണിറ്റ് ആരംഭിക്കാൻ സന്നദ്ധ സംഘടനകൾക്ക് ദേശീയപാത അതോറിട്ടി അനുമതി നൽകുന്നില്ലെന്നും വ്യാപക പരാതികളുണ്ട്. വാളയാർ, കഞ്ചിക്കോട്, കണ്ണാടി, ആലത്തൂർ, വടക്കഞ്ചേരി, പന്നിയങ്കര എന്നിവിടങ്ങളിൽ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ യൂണിറ്റ് ആരംഭിക്കാനുള്ള അനുമതിക്കായി വിവിധ സംഘടനകൾ അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.
മുൻപ് റോട്ടറി ക്ലബ് തൃശൂരിലെ സ്വകാര്യ ആശുപത്രിയുമായി ചേർന്നു ആലത്തൂരിൽ ട്രോമ കെയർ യൂണിറ്റ് നടത്തിയിരുന്നെങ്കിലും പാത വികസനത്തോടെ അതുപൂട്ടി. പുതിയതു തുടങ്ങാൻ അനുമതി ലഭിച്ചില്ല. പാത വികസിച്ചതോടെ ആശുപത്രികളിൽ വേഗത്തിലെത്താനുള്ള സൗകര്യമുണ്ടെന്നാണ് അതോറിട്ടി അധികൃതർ നൽകുന്ന വിശദീകരണം.
വാളയാറിലെയും വടക്കഞ്ചേരിയിലെയും ടോൾ പ്ലാസകളിൽ അപകട സഹായ കേന്ദ്രങ്ങളുണ്ടെങ്കിലും വേണ്ടത്ര ആംബുലൻസും പ്രാഥമിക ചികിത്സാ സൗകര്യങ്ങളുമില്ല. രണ്ടിടത്തും ഓരോ ആംബുലൻസ് മാത്രമാണുള്ളത്. അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ച് ആംബുലൻസ് മടങ്ങി എത്തും മുൻപ് വീണ്ടും അപകടമുണ്ടായാൽ സ്വകാര്യ വാഹനങ്ങൾ തേടണം. ദൂരെയുള്ള ആശുപത്രികളിൽ നിന്ന് ആംബുലൻസ് എത്തുമ്പോഴേക്കും ജീവൻ അപകടത്തിലായേക്കാം. ആശുപത്രികളിൽ കൂടുതൽ ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ വേണമെന്നും ആവശ്യമുണ്ട്.