പാലക്കാട്: രാത്രി എട്ടുമുതൽ രാവിലെ ആറുവരെ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിറുത്തണമെന്ന് സർക്കുലർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ദീർഘദൂര മൾട്ടി ആക്സിൽ, എ.സി സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്‌പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഇങ്ങനെ നിറുത്തുന്നത് ദീർഘദൂര യാത്രക്കാർക്ക് അസൗകര്യമാണ്. നിരവധി പരാതികൾ ഉയർന്നുവന്നിട്ടുള്ളതിനാൽ ഇത്തരം സർവീസുകൾ നിർദ്ദിഷട സ്ഥലങ്ങളിലല്ലാതെ നിറുത്തില്ലെന്ന് കെ.എസ്.ആർ.ടി.സി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.

പാലക്കാട്-വാളയാർ റൂട്ടിൽ പതിനാലാം കല്ലിൽ ബസുകൾ നിറുത്താറില്ലെന്ന് കാണിച്ച് സമർപ്പിച്ച പരാതിയിൽ കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

വാളയാർ-പാലക്കാട് റൂട്ടിൽ രാത്രികാലങ്ങളിൽ ഓർഡിനറി ബസ് സർവീസുകൾ ഏർപ്പെടുത്താനുള്ള സാദ്ധ്യത പരിശോധിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ഈ റൂട്ടിൽ രാത്രികാലത്ത് ബസ് സർവീസുകൾ കുറവായ സാഹചര്യത്തിലാണ് നടപടി. കെ.എസ്.ആർ.ടി.സി പാലക്കാട് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർക്കാണ് കമ്മിഷൻ നിർദ്ദേശം നൽകിയത്. പാലക്കാട് സ്വദേശി മണികണ്ഠൻ സമർപ്പിച്ച പരാതിയിലാണ് നടപടി.