iit
ഗവേഷണ അക്കാദമിക സഹകരണം വളർത്തുന്നതിനുള്ള പൊതുധാരണാപത്രത്തിൽ പാലക്കാട് ഐ.ഐ.ടിയും ലിവർപൂൾ സർവകലാശാലയും ഒപ്പുവച്ചപ്പോൾ

പാലക്കാട്: ഗവേഷണ അക്കാദമിക സഹകരണം വളർത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമായി പാലക്കാട് ഐ.ഐ.ടിയും ലിവർപൂൾ സർവകലാശാലയും പൊതുധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതുമായി ബന്ധപ്പെട്ട് ലിവർപൂൾ സർവകലാശാല ഗ്ലോബൽ എൻഗേജ്‌മെന്റ് ആൻഡ് പാർട്ണർഷിപ്പ് പ്രോ വൈസ് ചാൻസലർ താരിഖ് അലിയുമായി ഐ.ഐ.ടി ഡയറക്ടർ പ്രൊഫ. എ.ശേഷാദ്രി ശേഖർ ചർച്ച നടത്തി. ചർച്ചയിൽ മാരിടൈം ആൻഡ് ഓഷ്യൻ എൻജിനീയറിംഗ്, റിന്യൂവബിൾ എനർജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഹെൽത്ത്, ബയോമെഡിക്കൽ സയൻസ് ആൻഡ് എൻജിനീയറിംഗ് എന്നീ പ്രധാന നാല് ഗവേഷണ മേഖലകൾ കണ്ടെത്തിയിട്ടുണ്ട്. സംയുക്ത ഗവേഷണങ്ങളും വിദ്യാർത്ഥി-അദ്ധ്യാപക കൈമാറ്റം ഉൾപ്പടെയുള്ള സാദ്ധ്യതകളും ഭാവിയിൽ പരിശോധിക്കും.

ഐ.ഐ.ടിയിലെ സംരംഭകത്വങ്ങളും സാദ്ധ്യതകളും മനസിലാക്കുന്നതിന് ഐ.ഐ.ടി ടെക്‌നോളജി ഇന്നൊവേഷൻ ഫൗണ്ടേഷൻ സി.ഒ.ഒ മിഥു ഉണ്ണിത്താൻ, ടെക്‌നോളജി ഐഹബ് ഫൗണ്ടേഷൻ (ഐ.പി.ടി.ഐ.എഫ്) സി.ഇ.ഒ ഡോ. സായിശ്യാം നാരായൺ എന്നിവരുമായും ഫിസിക്സ് വിഭാഗം അദ്ധ്യാപകരുമായും പ്രൊഫ. താരിഖ് അലി കൂടിക്കാഴ്ച നടത്തി. ലിവർപൂൾ സർവകലാശാലയിലെ സംരംഭകത്വ മേഖലയിലെ വ്യക്തികളുമായും ബന്ധപ്പെട്ട അദ്ധ്യാപകരുമായും ഐ.ഐ.ടിയെ ബന്ധിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഭാവിയിൽ തിരഞ്ഞെടുത്ത വിഷയങ്ങളിൽ സംയുക്ത ഗവേഷണം നടത്തുന്നതിനും പദ്ധതിയുണ്ട്.

 അക്കാദമിക വളർച്ച പ്രോത്സാഹിപ്പിക്കും

ലിവർപൂൾ സർവകലാശാലയുമായുള്ള പങ്കാളിത്തം മികച്ച രീതിയിൽ ഗവേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിനും അക്കാദമിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും.

പ്രൊഫ. എ.ശേഷാദ്രി ശേഖർ

ഐ.ഐ.ടി ഡയറക്ടർ